‘പേടിക്കേണ്ട ഉമ്മാ, ഒരു കുഴപ്പവുമില്ല...’ - വ്യോമാക്രമണത്തിൽ പരിക്കേറ്റ മാതാവിനെ സാന്ത്വനിപ്പിച്ച് കുഞ്ഞുമോൾ
text_fieldsഗസ്സ: ‘പേടിക്കേണ്ട ഉമ്മാ! ഉമ്മാക്ക് ഒരു കുഴപ്പവുമില്ല. ഞങ്ങൾക്കും പ്രശ്നമൊന്നുമില്ല... എല്ലാം ഓക്കെയാണ്...’ -ഇസ്രായേൽ യുദ്ധവിമാനം ബോംബിട്ട് തകർത്ത വീട്ടിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഉമ്മയെ സാന്ത്വനിപ്പിക്കുകയാണ് കുഞ്ഞുമോൾ. ഉമ്മയുടെ മുഖത്തെ മുറിവിൽനിന്ന് ചോര പൊടിയുന്നതിന്റെയും ആക്രമണത്തിന്റെ ഭീകരതക്ക് സാക്ഷിയായതിന്റെയും പരിഭ്രാന്തി ആ ഇളം പൈതലിന്റെ മുഖത്തുണ്ട്. എങ്കിലും പരിക്കേറ്റ മാതാവിന്റെ കൈയിൽ മുറുകെപ്പിടിച്ച് ധൈര്യം പകരുകയാണവൾ.
ഇന്നലെ റഫയിൽ ഇസ്രായേൽ നടത്തിയ കണ്ണിൽചോരയില്ലാത്ത ആക്രമണത്തിലാണ് ഈ കുട്ടിയുടെ കുടുംബത്തിന് പരിക്കേറ്റത്. മുഖത്തും ദേഹത്തും പരിക്കേറ്റ മാതാവിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് കാത്തിരിക്കുന്ന സമയത്തുള്ളതാണ് മുഹമ്മദ് ഖൻത്വീൽ പകർത്തിയ ദൃശ്യം. തകർത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കുഞ്ഞിന്റെ മുഖത്തും തലയിലും ദേഹത്തും പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.
ഉപ്പയുടെയും ഉമ്മയുടെയും കൂടെ ഞാനും ആശുപത്രിയിൽ വരുമെന്നും ഈ കുട്ടി ഇടക്കിടെ പറയുന്നുണ്ട്. ആംബുലൻസ് വന്നയുടൻ ഉമ്മയെ കൈപിടിച്ച് എഴുന്നേൽപിച്ച് നടത്തിക്കുന്ന കുട്ടി, തുടർന്ന് ആംബുലൻസിൽ കയറിയിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഗസ്സയിൽ ഇതിനകം 29,878 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. 172 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൊത്തം പരിക്കേറ്റവരുടെ എണ്ണം 70,215 ആയി. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിലും റോഡുകളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാൻ ആംബുലൻസുകളെ പോലും ഇസ്രായേൽ സേന കടത്തിവിടുന്നില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.