‘മുംബൈ ഭീകരാക്രമണത്തിലെ പ്രതികൾ നോർവേയിൽനിന്നോ ഈജിപ്തിൽനിന്നോ വന്നവരല്ല’; പാകിസ്താനിലെത്തി അവർക്കെതിരെ തുറന്നടിച്ച് ജാവേദ് അക്തർ
text_fieldsലഹോർ: പാകിസ്താനിലെത്തി അവർക്കെതിരെ തുറന്നടിച്ച് ഗാനരചയിതാവും തിരകഥാകൃത്തുമായ ജാവേദ് അക്തർ. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികൾ പാകിസ്താനിൽ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുകയാണെന്നും ആ സംഭവത്തിന്റെ മുറിവ് ഇന്നും ഇന്ത്യക്കാരുടെ നെഞ്ചിലുണ്ടെന്നും അതിനാൽ ഇന്ത്യക്കാരുടെ മനസ്സിൽ ദേഷ്യമുണ്ടെങ്കിൽ അതിനെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഖ്യാത ഉർദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ സ്മരണാർഥം ലഹോറിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജാവേദ് അക്തർ.
‘നിങ്ങൾ നിരവധി തവണ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ട്. നിങ്ങൾ തിരികെ ചെല്ലുമ്പോള്‍ ഇവിടെയുള്ളവരൊക്കെ നല്ല ആളുകളാണെന്നും അവർ ബോംബെറിയുക മാത്രമല്ല നമ്മളെ സ്നേഹവും പൂമാലകളും കൊണ്ട് സ്വീകരിക്കുമെന്നും പറയുമോ?’ എന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു ജാവേദ് അക്തറിന്റെ മറുപടി. ‘നമ്മൾ പരസ്പരം പഴിചാരുന്നത്കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കില്ല. പിരിമുറുക്കമുള്ള അന്തരീക്ഷമാണ്, അത് ശാന്തമാക്കണം. മുംബൈയിൽ നിന്നുള്ള ഞങ്ങൾ, അവിടെ വലിയൊരു ആക്രമണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അക്രമികൾ നോർവേയിൽനിന്നോ ഈജിപ്തിൽനിന്നോ വന്നവരല്ല. അവർ വളരെ സ്വതന്ത്രമായി നിങ്ങളുടെ രാജ്യത്ത് വിഹരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു ഇന്ത്യക്കാരൻ ഇതിൽ പരാതി പറഞ്ഞാൽ, നിങ്ങൾ അസ്വസ്ഥരാകേണ്ടതില്ല. അവരുടെ മനസ്സിൽ എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അതിനെ കുറ്റപ്പെടുത്താനുമാകില്ല. ഇന്ത്യ പാകിസ്താനിലെ ഇതിഹാസങ്ങളെ സ്വാഗതം ചെയ്തപോലെ പാകിസ്താൻ ഒരിക്കലും ഇന്ത്യൻ കലാകാരന്മാരെ ആദരിച്ചിട്ടില്ല. ഫൈസ് സാഹിബ് ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ വിശിഷ്ടാതിഥിയായാണ് സ്വീകരിച്ചത്. അത് എല്ലായിടത്തും പ്രക്ഷേപണവും ചെയ്തു. നുസ്രത്ത് ഫത്തേ അലിഖാന്റെയും മെഹ്ദി ഹസന്റെയും പരിപാടികൾക്ക് ഇന്ത്യ വേദിയായിട്ടുണ്ട്. മെഹ്ദി ഹസൻ ഇന്ത്യക്കാരുടെ ആരാധനാപാത്രമായിരുന്നു. അദ്ദേഹം ഇന്ത്യ സന്ദർശിച്ചപ്പോൾ ഷബാന അസ്മിയാണ് അതിന് ആതിഥേയത്വം വഹിച്ചത്. ലതാ മങ്കേഷ്കറും ആശ ബോസ്‌ലെയും പോലുള്ളവരുടെ സാന്നിധ്യം കൊണ്ട് ഗംഭീരമായ ആ ചടങ്ങിനു വേണ്ടി ഞാൻ എഴുതിയിട്ടുണ്ട്. നിങ്ങൾ ഒരിക്കൽ പോലും ലതാ മങ്കേഷ്കറിനായി ഒരു പരിപാടി സംഘടിപ്പിച്ചിട്ടില്ല. ആശയവിനിമയം ഇല്ലാതായതിൽ ഇരു രാജ്യങ്ങൾക്കും പങ്കുണ്ട്. എന്നാൽ കൂടുതലും നിങ്ങളുടെ ഭാഗത്തുനിന്നാണ്’ – ജാവേദ് അക്തർ പറഞ്ഞു.
ജാവേദ് അക്തറിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഇതിന്റെ വിഡിയോ പങ്കുവെച്ചത്. പാകിസ്താനെതിരായ ‘സർജിക്കൽ സ്ട്രൈക്’ എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്. ജാവേദിന്റെ പരാമർശത്തെ പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത് അടക്കമുള്ള പ്രമുഖരും രംഗത്തുവന്നു. ‘‘ജാവേദ് സാബിന്റെ കവിതകൾ കേൾക്കുമ്പോൾ, സരസ്വതി ദേവിയാൽ അദ്ദേഹം എത്രമാത്രം അനുഗ്രഹിക്കപ്പെട്ടുവെന്ന് ഞാൻ അദ്ഭുതപ്പെടാറുണ്ട്. എന്നാൽ ദൈവം അവരെ അനുഗ്രഹിക്കുന്നതിന് വ്യക്തിയിൽ ശുദ്ധമായ എന്തെങ്കിലും ഉണ്ടായിരിക്കണം. ജയ് ഹിന്ദ് ജാവേദ് അഖ്തർ സാബ്. അവരുടെ സ്വന്തം വീട്ടുമുറ്റത്ത് വെച്ച് നിങ്ങൾ അവരെ അടിച്ചു’’ കങ്കണ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.