കൊലപാതകികൾക്ക് കാനഡയിൽ സുഖജീവിതം -ബംഗ്ലാദേശ് വിദേശകാര്യമന്ത്രി
text_fieldsധാക്ക: ഇന്ത്യ-കാനഡ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ കാനഡയെ വിമർശിച്ച് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുൽ മോമൻ. കൊലപാതകികളുടെ ഹബ്ബായി കാനഡ മാറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
കൊലപാതകികൾക്ക് കാനഡയിലേക്ക് പോകാനും സംരക്ഷണം തേടാനും സാധിക്കും. ഇവർക്ക് കാനഡയിൽ സുഖജീവിതമാണ്. എന്നാൽ, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ദുരിത ജീവിതം നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളി കാനഡയിൽ കഴിയുന്നത് സംബന്ധിക്കുന്ന ചോദ്യത്തിലാണ് അദ്ദേഹത്തിന്റെ മറുപടി.
മുജിബുർ റഹ്മാന്റെ കൊലയാളിക്കും കാനഡയിൽ നല്ല ജീവിതമാണ്. കൊലയാളി അവിടെ തന്നെയുണ്ട്. അയാളെ തിരിച്ച് ബംഗ്ലാദേശിലേക്ക് അയക്കാൻ നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും കാനഡ അത് ചെവിക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കനേഡിയൻ കോടതിയെ സമീപിക്കാനാണ് തീരുമാനം. നിലവിൽ ഈ വിഷയം ചർച്ച ചെയ്യാൻ പോലും കാനഡക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കാനഡയെ വിമർശിച്ച് ബംഗ്ലാദേശും രംഗത്തെത്തിയിരിക്കുന്നത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്നാണ് ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി രൂക്ഷമായത്. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുകയും ഇന്ത്യ കനേഡിയൻ പൗരൻമാർക്കുള്ള വിസ സേവനം നിർത്തിവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.