''ഈ പ്രതിഷേധം അഗ്നിപർവതം പോലെ പൊട്ടിത്തെറിക്കും'' -ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ച് പ്രിയങ്ക ചോപ്ര
text_fieldsതെഹ്റാൻ: ഇറാനിൽ ഹിജാബിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര. ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനിയുടെ മരണത്തിനു പിന്നാലെയാണ് ഇറാനിൽ പ്രതിഷേധം കത്തിപ്പടർന്നത്.
സെപ്തംബർ 13 ന് തന്റെ സഹോദരനും മറ്റ് ബന്ധുക്കൾക്കുമൊപ്പം തെഹ്‌റാൻ മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനിടെയാണ് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്ക് ഹിജാബ് ശിരോവസ്ത്രവും മാന്യമായ വസ്ത്രവും ധരിക്കണമെന്ന ഇറാന്റെ കർശനമായ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്.
അറസ്റ്റിലായി ഏതാനും ദിവസങ്ങൾക്കകം അമിനി കോമയിലായി. പൊലീസ് സ്റ്റേഷനിലെ കടുത്ത മർദ്ദനങ്ങളെ തുടർന്നാണ് അമിനി മരിച്ചതെന്നാണ് ആരോപണമുയർന്നത്. തലക്കടിയേറ്റാണ് അമിനി അബോധാവസ്ഥയിലായത് എന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്. മൂന്നു ദിവസമാണ് അവർ കോമയിൽ കിടന്നത്. എന്നാൽ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് ഇറാൻ അധികൃതരുടെ വിശദീകരണം.
ഈ സംഭവത്തിനു ശേഷം ഇറാനിലെ തെരുവുകൾ പ്രതിഷേധത്താൽ പുകയുകയാണ്. തല മുണ്ഡനം ചെയ്തും ഹിജാബ് കത്തിച്ചുമാണ് സ്ത്രീകൾ പ്രതിഷേധിച്ചത്. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.
സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴിയാണ് പ്രിയങ്ക ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയറിയിച്ചത്. ഇറാനിലെ ധാർമിക പൊലീസ് ജീവനപഹരിച്ച മഹ്സ അമിനിക്ക് പിന്തുണയുമായി പരസ്യമായി മുടിമുറിച്ചും മറ്റ് രീതികളും ഇറാനിലും ലോകം മുഴുവനുമുള്ള സ്ത്രീകൾ പ്രതിഷേധിക്കുകയാണ്.
വർഷങ്ങൾ നീണ്ട നിശ്ശബ്ദതയെ ഭേദിക്കുന്ന ഈ പ്രതിഷേധശബ്ദം ഒരു അഗ്നിപർവതം പോലെ പൊട്ടിത്തെറിക്കും. ഈ പ്രതിഷേധ പ്രവാഹത്തെ തടഞ്ഞുനിർത്തുക അസാധ്യമാണ്''-എന്നാണ് പ്രിയങ്ക കുറിച്ചത്.
നിങ്ങളുടെ ധൈര്യവും നിശ്ചയദാർഢ്യവും എന്നെ അമ്പരപ്പിച്ചിരിക്കുന്നു. സ്വന്തം ജീവനു തന്നെ ഭീഷണിയാകുന്ന രീതിയിൽ, ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് അവകാശങ്ങൾക്കായി പോരാടുന്നത് ഒരിക്കലും എളുപ്പമല്ല. എന്നാൽ നിങ്ങൾ ധീരരായ സ്ത്രീകളാണ്.''എന്നും പ്രിയങ്ക തുടർന്നു.
അധികാരികൾ പ്രതിഷേധക്കാർക്കു നേരെ കണ്ണ് തുറക്കണമെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രശ്നങ്ങൾ മനസിലാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. നടിയും മോഡലുമായ ഇൽനാസ് നൊറൊസിയും ഇറാൻ സ്ത്രീകൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.