എത്രയും വേഗം തിരിച്ചെത്തണം, യുക്രെയ്നിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർഥിനി പറയുന്നു
text_fieldsയുക്രെയ്നിൽ യുദ്ധഭീതി തുടർന്നുകൊണ്ടിരിക്കെ സപോരിസിയയിലെ സ്ഥിതിഗതികൾ 'മാധ്യമം ഓൺലൈനുമായി' പങ്കുവെച്ച് മലയാളി വിദ്യാർഥിയായ സഫ. സപോരിസിയ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് മലപ്പുറം സ്വദേശിനിയായ സഫ. മെഡിക്കൽ യൂനിവേഴ്സിറ്റി ഹോസ്റ്റലിലാണ് വിദ്യാർഥികളെല്ലാം ഇപ്പോൾ താമസിക്കുന്നതെന്നും നിലവിൽ അപകട സാഹചര്യങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും സഫ 'മാധ്യമം ഓൺലൈനി'നെ അറിയിച്ചു.
" യുദ്ധം ആരംഭിച്ച സമയത്ത് നാട്ടിലേക്ക് വരാന്‍ ശ്രമിച്ചിരുന്നു. രക്ഷാദൗത്യം മുടങ്ങിയതിനാൽ തിരികെ വരേണ്ടി വന്നു. തൽക്കാലം യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ സുരക്ഷിതരായി ഇരിക്കാനും പിന്നീട് കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാമെന്നുമാണ് എംബസി അറിയിച്ചത്. എപ്പോഴാണ് മാറ്റുന്നതെന്നോ, എങ്ങോട്ടാണെന്നതിനെക്കുറിച്ചൊന്നും വ്യക്തമായ വിവരങ്ങൾ അവർ നൽകിയിട്ടില്ല. എത്രയും പെട്ടെന്ന് തിരികെ നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്" -സഫ പറഞ്ഞു.
രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങളും മറ്റും ഇന്നലെ സഫയും സുഹൃത്തുക്കളും സൂപ്പർമാർക്കറ്റിൽ പോയി വാങ്ങിച്ചിരുന്നു. ആവശ്യസാധനങ്ങൾക്കൊന്നും ഇതുവരെ ബുദ്ധിമുട്ട്നേരിട്ടില്ലെന്നും പക്ഷേ ഏതു സമയത്തും വൈദ്യുതിബന്ധവും നെറ്റ് സൗകര്യങ്ങളും തടസ്സപ്പെടാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതായും സഫ പറഞ്ഞു.
ഇപ്പോൾ ക്ലാസ്സുകളെല്ലാം നിർത്തിവെച്ചിരിക്കയാണെന്നും ഓൺലൈന്‍ ക്ലാസ്സിനെ സംബന്ധിച്ച അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും സഫ കൂട്ടിച്ചേർത്തു. ഏകദേശം 600 മലയാളി വിദ്യാർഥികൾ സപോരിസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്. യുദ്ധം തുടങ്ങിയതോടെ എല്ലാവരെയും ഇവിടെ തന്നെയാണ് താമസിപ്പിച്ചിരിക്കുന്നത്. സീനിയേഴ്സ് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും സഫ പറഞ്ഞു. ഇന്നലെ സപോരിസിയയിലെ സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനും എ.ടി.എമ്മിൽ നിന്ന് പൈസ പിന്‍വലിക്കാനും പോയപ്പോഴുള്ള ദൃശ്യങ്ങളും സഫ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.