മ്യാൻമറിൽ ജനക്കൂട്ടത്തിലേക്ക് ബോംബിട്ട് പട്ടാള ഭരണകൂടം; 100ലേറെ പേർ കൊല്ലപ്പെട്ടു
text_fieldsനായ്പിഡോ: ആഭ്യന്തര യുദ്ധം രൂക്ഷമാകുന്ന മ്യാൻമറിൽ വടക്കുപടിഞ്ഞാറൻ ഗ്രാമത്തിൽ പട്ടാള ഭരണകൂടം നടത്തിയ വ്യോമാക്രമണത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു.
സാഗയിങ് മേഖലയിലെ കൻബാലു ടൗൺഷിപ്പിലെ പാസിഗ്യി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. 2021ലാണ് ഭരണം അട്ടിമറിയിലൂടെ സൈന്യം പിടിച്ചെടുത്തത്. ഇതോടെയാണ് രാജ്യത്ത് ആഭ്യന്തര യുദ്ധം ആരംഭിച്ചത്. പട്ടാള ഭരണകൂടത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ് നടക്കുന്ന മേഖലകളിലൊന്നാണ് സാഗയിങ്.
ഇവിടെ ചൊവ്വാഴ്ച പ്രതിപക്ഷ പാർട്ടിയുടെ പ്രാദേശിക ഓഫീസ് തുറക്കുന്നതിന് നിരവധി ആളുകൾ ഒത്തുകൂടിയിരുന്നു. രാവിലെ എട്ടോടെ 150 ഓളം വരുന്ന ജനക്കൂട്ടത്തിന് നേരെ യുദ്ധവിമാനം നേരിട്ട് ബോംബ് വർഷിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശികമായി രൂപീകരിച്ച സർക്കാർ വിരുദ്ധ സായുധ ഗ്രൂപ്പുകളുടെയും മറ്റ് പ്രതിപക്ഷ സംഘടനകളുടെയും നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. മ്യാൻമറിൽ അടുത്തിടെയുണ്ടായ വലിയ ആക്രമണമാണിത്.
ഭയാനകമായ അക്രമണമാണിതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേൽ പ്രതികരിച്ചു. നിരപരാധികളായ സിവിലിയന്മാരുടെ ജീവൻ അപഹരിച്ച് സൈനിക ഭരണകൂടം നടത്തിയ ക്രൂരതയുടെ റിപ്പോർട്ടുകൾ യൂറോപ്യൻ യൂനിയനെ ഞെട്ടിച്ചെന്ന് യൂറോപ്യൻ യൂനിയന്‍റെ വിദേശകാര്യ വക്താവ് നബീല മസ്സ്റാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.