മ്യാൻമർ തെരഞ്ഞെടുപ്പ് നാളെ; ന്യൂനപക്ഷങ്ങൾ പടിക്ക് പുറത്ത്
text_fieldsയാംഗോൻ: മ്യാൻമറിൽ പട്ടാളഭരണം അവസാനിച്ച ശേഷമുള്ള രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. വീണ്ടും ഓങ് സാൻ സൂചിയുടെ 'നാഷണൽ ലീഗ് ഫോർ ഡെമോക്രസി' അധികാരത്തിലെത്താനാണ് സാധ്യതയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് 37 ദശലക്ഷം വോട്ടർമാരാണുള്ളത്. എന്നാൽ കോവിഡ് ഭീഷണിമൂലം വോട്ടർമാർ ബൂത്തിലെത്തുന്നത് കുറയുമെന്നാണ് അനുമാനം. സ്റ്റേറ്റ് കൗൺസിലറായ (പ്രധാനമന്ത്രി പദവിക്ക് തുല്യം) സൂചി രാജ്യത്തെ ഭൂരിപക്ഷ സമൂഹങ്ങൾക്കിടയിൽ ഇപ്പോഴും ജനപ്രിയ നേതാവാണെങ്കിലും ന്യൂനപക്ഷങ്ങൾക്ക് ഒട്ടും താൽപര്യമില്ലാത്ത ആളായി മാറി.
അവർ ജനാധിപത്യ-മനുഷ്യാവകാശ തത്ത്വങ്ങളെ വഞ്ചിച്ചുവെന്ന് വ്യാപക അഭിപ്രായമുണ്ട്. സൂചിക്കും അവരുടെ പാർട്ടിക്ക് അധികാരമുറപ്പിക്കാൻ മാത്രമാണ് താൽപര്യമെന്നും ജനാധിപത്യപരമായ ഒരു തീരുമാനവും നടപ്പാക്കുന്നില്ലെന്നും വിമർശകർ പറഞ്ഞു.
തലമുറകളായി മ്യാൻമറിൽ താമസിക്കുന്ന റോഹിങ്ക്യകളിൽ പലർക്കും ഇത്തവണയും വോട്ടില്ല. സംഘർഷമേഖലകളിൽ 15 ലക്ഷത്തോളം പേർക്ക് സുരക്ഷ കാരണങ്ങൾ പറഞ്ഞ് വോട്ടു ചെയ്യാൻ അനുവാദം നൽകിയിട്ടില്ല. ഇതിൽ രാഖിൻ മേഖലയിലെ ബുദ്ധിസ്റ്റുകളുമുണ്ട്.
തെരഞ്ഞെടുപ്പിൽ ജനങ്ങളെ ഒഴിവാക്കുന്നതിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മ്യാൻമർ ഭരണഘടനപ്രകാരം പാർലമെൻറിൽ നാലിലൊന്ന് സീറ്റുകൾ സൈന്യത്തിന് മാറ്റിവെച്ചതാണ്. സിവിലിയൻ സർക്കാർ പൊറുക്കാനാകാത്ത തെറ്റുകൾ ചെയ്തുവെന്ന് ഈയിടെ സൈനികമേധാവി പറഞ്ഞിരുന്നു.
ഓൾ ബർമ ഫെഡറേഷൻ ഓഫ് സ്റ്റുഡൻറ് യൂനിയൻസ് ഉൾപ്പെടെ ചില സംഘടനകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.