മനുഷ്യക്കുരുതിയിൽ മടുപ്പുതോന്നാതെ മ്യാന്മർ
text_fieldsയാംഗോൻ: പട്ടാള അട്ടിമറിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ മ്യാന്മർ ഭരണകൂടം കൈക്കൊള്ളുന്ന കിരാത നടപടികൾ അറിഞ്ഞാൽ ലോകം മൂക്കത്ത് വിരൽവെക്കും. ഒരു മാസം പിന്നിട്ട പ്രക്ഷോഭത്തെ അത്യന്തം കിരാതമായിട്ടാണ് ഭരണകൂടം നേരിടുന്നത്. കുട്ടികളും സ്ത്രീകളും അടക്കം ഇൗ ദിവസങ്ങളിൽ 54 ജീവനുകളാണ് തെരുവിൽ പട്ടാളത്തിെൻറ തോക്കിൻമുമ്പിൽ പൊലിഞ്ഞുവീണത്.
2003ൽ ഒാങ്സാൻ സൂചിയുടെ 70 അനുയായികൾ കൊല്ലപ്പെട്ടതിന് ശേഷം നടക്കുന്ന ഏറ്റവും രക്തരൂഷിതമായ പ്രക്ഷോഭമാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസവും മിക്ക നഗരങ്ങളിലും പ്രക്ഷോഭകർക്കു നേരെ മർദനങ്ങൾ അരങ്ങേറി.
കണ്ണീർ വാതക പ്രയോഗവും വെടിവെപ്പും ഉണ്ടായെങ്കിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. യാംഗോനിലും മാൻഡലെയിലും പ്രക്ഷോഭകരെ ഭയപ്പെടുത്തുന്നതിനായി യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നു.
മുന്നറിയിപ്പു പോലുമില്ലാതെ തൊട്ടടുത്തു നിന്ന് വെടിവക്കുന്ന സമീപനമാണ് പൊലീസും പട്ടാളവും പ്രയോഗിക്കുന്നത്. അടിച്ചമർത്തലിനെ ലോകം മുഴുവൻ അപലപിച്ചതിെൻറ തൊട്ടുടനെയാണ് ഏറ്റവും ക്രൂരമായ വെടിവെപ്പ് നടന്നത്. ബ്രിട്ടൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യു.എൻ രക്ഷാസമിതി വെള്ളിയാഴ്ച അടിയന്തര യോഗം ചേർന്നിരുന്നു.
പട്ടാള ഭരണകൂടത്തിനെതിരെ ഉപരോധം കടുപ്പിക്കാനുള്ള നടപടിയിലാണ് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും. അതേസമയം, പട്ടാള ഭരണാധികാരികളുടെ ജനാധിപത്യവിരുദ്ധ ഉത്തരവുകൾ അനുസരിക്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് അതിർത്തികടന്ന് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 19 മ്യാൻമർ പൊലീസുകാർ ഇത്തരത്തിൽ മിസോറമിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.