മ്യാന്മർ നേതൃത്വം തടവിൽ; മോചനത്തിനായി മുറവിളി
text_fieldsയാംഗോൻ: സൈന്യം അട്ടിമറി നടത്തി തടവിലാക്കിയ മ്യാന്മർ നേതാവ് ഓങ് സാങ് സൂചിയുെട മോചനത്തിനായി അന്താരാഷ്ട്ര തലത്തിൽ ആവശ്യമുയർന്നു. കഴിഞ്ഞ ദിവസം സൈന്യം തടവിലാക്കിയ സൂചിയെ പിന്നീട് പുറംലോകം കണ്ടിട്ടില്ല. നൂറുകണക്കിന് എം.പിമാരും തടവിലാണ്. ഇവരുടെ താമസസ്ഥലം സൈന്യം വളഞ്ഞിരിക്കുകയാണ്. രാജ്യത്ത് കാര്യമായ പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ആരോഗ്യമേഖലയിലുള്ളവർ പണിമുടക്കിയതായി റിപ്പോർട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ചാണ് തിങ്കളാഴ്ച സൈന്യം അധികാരം പിടിച്ചെടുത്തത്.
സൂചിയെ ഉടൻ മോചിപ്പിക്കണമെന്ന് അവരുടെ കക്ഷിയായ 'നാഷനൽ ലീഗ് ഫോർ ഡെമോക്രസി'യും (എൻ.എൽ.ഡി)യും വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ എൻ.എൽ.ഡിയുടെ വിജയം അംഗീകരിക്കാൻ സൈന്യം തയാറാകണമെന്നും പാർട്ടി നേതൃത്വം പറഞ്ഞു. സൈനിക അട്ടിമറി നടന്നെങ്കിലും മ്യാന്മർ നഗരങ്ങളിലൊന്നും ജനജീവിതത്തെ ബാധിച്ചിട്ടില്ല. നിശാനിയമം പ്രാബല്യത്തിലുണ്ട്. ഫോൺ, ഇൻറർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. ജനാധിപത്യത്തിനുവേണ്ടി തങ്ങൾ ചെയ്ത ത്യാഗം വെറുതെയായെന്ന് യാംഗോനിലെ നേതാക്കൾ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. മ്യാന്മറിലെ സംഭവവികാസങ്ങൾ യു.എൻ രക്ഷാസമിതി വിലയിരുത്തി. പുതിയ സാഹചര്യം റോഹിങ്ക്യൻ അഭയാർഥികളെ ഗുരുതരമായി ബാധിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറെസിെൻറ വക്താവ് സ്റ്റീഫെയ്ൻ ഡ്യുജാറിക് പറഞ്ഞു. ബംഗ്ലാദേശ് ഉൾപ്പെടെ രാഷ്ട്രങ്ങളിൽനിന്നുള്ള അവരുടെ മടക്കം വൈകുമെന്നും ഉറപ്പാണ്.
2007ലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ ക്രൂരമായി നേരിട്ട മെയിൻറ് സ്വി ആണ് സൈന്യം അവരോധിച്ച പ്രസിഡൻറ്. അതിനുപിന്നാലെ, അധികാരം സൈനിക മേധാവി സീനിയർ ജനറൽ മിൻ ആങ് ലെയിങ്ങിന് കൈമാറുന്നതായി ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. മ്യാന്മർ ഭരണഘടന പ്രകാരം, അടിയന്തര സാഹചര്യത്തിൽ പ്രസിഡൻറിന് അധികാരം ഇങ്ങനെ കൈമാറാം. മിൻ ആങ് ലെയിങ് സൈന്യത്തിൽനിന്ന് ഉടൻ വിരമിക്കും. സൈന്യം ഒരു വർഷത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് അറിയിച്ചത്. അങ്ങനെയാണെങ്കിൽ, മിൻ ആങ് ലെയിങ്ങിന് സൈന്യത്തിെൻറ മേധാവിത്വമുള്ള ഭരണസംവിധാനത്തിൽ അവരുടെ പിന്തുണയുള്ള പാർട്ടിയായ 'യൂനിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെൻറ്' സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിലൂടെ പ്രസിഡൻറായി വരുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.