മ്യാൻമറിൽ വീണ്ടും കുരുതിയുമായി സൈന്യം; വെടിവെച്ചുകൊന്നത് ഒമ്പത് പ്രക്ഷോഭകരെ
text_fieldsയാംഗോൺ: മ്യാന്മറിൽ സർക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ച സൈന്യത്തിനെതിരെ തെരുവിലിറങ്ങിയ നാട്ടുകാർക്കു നേരെ വെടിവെപ്പ് തുടരുന്നു. വെള്ളിയാഴ്ച മാത്രം ഒമ്പതുപേരെ വെടിവെച്ചുകൊന്നതായി റോയ്േട്ടഴ്സ് റിപ്പോർട്ടു ചെയ്തു.
ഓങ് സാൻ സൂചിക്ക് വീണ്ടും അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ വിവിധ നഗരങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ഇതിന്‍റെ ഭാഗമായി ഓങ്ബാനിൽ പ്രക്ഷോഭകർ സ്ഥാപിച്ച ബാരിക്കേഡ് നീക്കാൻ സൈന്യം നടത്തിയ ശ്രമമാണ് എട്ടുപേരുടെ മരണത്തിൽ കലാശിച്ചത്. ബാരിക്കേഡ് നീക്കാൻ അനുവദിക്കില്ലെന്ന് പ്രക്ഷോഭകർ അറിയിച്ചതോടെ എതിർപ്പുമായി നിന്നവർക്കു നേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. ഏഴുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു.
ഒരു മരണം റിപ്പോർട്ട് ചെയ്തത് ലോയ്കാവ് പട്ടണത്തിലാണ്. യാംഗോണിലും വെടിവെപ്പുണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ പട്ടാള അട്ടിമറിക്കെതിരായ ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെടുന്നവരുടെ സംഖ്യ 233 ആയി.
സൂചിയെ മോചിപ്പിക്കണമെന്നും അധികാരം കൈമാറണമെന്നും ആവശ്യപ്പെട്ട് ലോക രാജ്യങ്ങൾ രംഗത്തുണ്ടെങ്കിലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് സൈന്യം. അയൽരാജ്യമായ ഇന്തോനേഷ്യയും ശക്തമായി രംഗത്തെത്തിയിരുന്നു.
അതിനിടെ, സൈനിക വേട്ട ശക്തമായതോടെ രാജ്യത്തുനിന്ന് അഭയാർഥി പ്രവാഹം രൂക്ഷമായതായി റിപ്പോർട്ടുണ്ട്. തായ്ലൻഡിലേക്കാണ് പ്രധാനമായി അഭയാർഥികൾ ഒഴുകുന്നത്. 2,000 ഓളം പേരെ ഇതിനകം സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാംഗോൺ ഉൾപെടെ ആറു പട്ടണങ്ങളിൽ പട്ടാള നിയമവും നടപ്പാക്കി. ഇതോടെ, സൈനിക നിയന്ത്രണം കൂടുതൽ കടുക്കുന്നത് ഭയന്നാണ് രാജ്യത്തെ വ്യാവസായിക ആസ്ഥാനമായ യാംഗോണിൽനിന്നുൾപെടെ ആയിരങ്ങൾ രാജ്യം വിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.