മ്യാൻമർ തെരഞ്ഞെടുപ്പിലേക്ക്; വിമർശനവുമായി യു.എൻ
text_fieldsബാങ്കോക്: മ്യാൻമർ സൈനിക ഭരണകൂടം ഈ വർഷം പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. സൈനിക ഭരണകൂടം നടത്തുന്ന തെരഞ്ഞെടുപ്പ് സംഘർഷങ്ങൾക്ക് വഴിയൊരുക്കിയേക്കുമെന്ന് ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധി നോയ്‍ലീൻ ഹെയ്സെർ പറഞ്ഞു.
രണ്ടുവർഷം മുമ്പാണ് ആങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാറിനെ സൈന്യം അട്ടിമറിക്കുന്നത്. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ചായിരുന്നു ഇത്. ജനുവരിയിൽ സൈനിക ഭരണകൂടം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലപരിധി തീരും. തുടർന്ന് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങണമെന്നാണ് ഭരണഘടന പറയുന്നത്. ഇപ്പോഴത്തെ ഭരണകൂടം നടത്തുന്ന ഏത് തെരഞ്ഞെടുപ്പും വെറും തട്ടിപ്പാകുമെന്ന് അമേരിക്ക പ്രതികരിച്ചു.
എന്നാൽ, തെരഞ്ഞെടുപ്പിനെ പിന്തുണക്കുന്നതായി സൈനിക ഭരണകൂടത്തോട് അടുപ്പം തുടരുന്ന റഷ്യ വ്യക്തമാക്കി. മ്യാൻമർ ജനതയുടെ ജനാധിപത്യാഭിലാഷങ്ങളെ പിന്തുണക്കുന്നതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സാധാരണക്കാർക്കെതിരായ നീക്കങ്ങൾ തുടരുന്നതിനിടെ നടക്കുന്ന തെരഞ്ഞെടുപ്പ് അസ്ഥിരതയിലേക്കുള്ള വഴിയാകുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ജനങ്ങൾക്ക് സ്വതന്ത്രമായി രാഷ്ട്രീയാവകാശം വിനിയോഗിക്കാനുള്ള അവസരമില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.