പറക്കുംതളികയോ? പാക് നഗരത്തിന് മുകളിൽ ആകാശത്ത് വട്ടമിട്ട് അജ്ഞാത വസ്തു
text_fieldsഇന്നും അഭ്യൂഹമായി നിലനിൽക്കുന്ന കൗതുകങ്ങളിലൊന്നാണ് പറക്കുംതളികകൾ. പലപ്പോഴായി പലയിടത്തും പറക്കുംതളികകൾ കണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരാറുണ്ടെങ്കിലും കൃത്യമായ തെളിവുകളോ എന്താണ് ഇവയെന്നതിന് വിശദീകരണങ്ങളോ ലഭ്യമല്ല. അതേസമയം, വിവിധ രാജ്യങ്ങളുടെ ഏജൻസികൾ ഇത്തരം അജ്ഞാത വസ്തുക്കൾ ആകാശത്ത് ദൃശ്യമാകുന്നതിനെ കുറിച്ച് ഗൗരവമായിത്തന്നെ പഠിക്കുന്നുണ്ട്. യു.എസ് പ്രതിരോധ വകുപ്പ് പറക്കുംതളികകളെ കുറിച്ച് പഠിക്കാൻ വൻ തുക തന്നെ ചെലവിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ പാക് തലസ്ഥാനമായ ഇസ്ലാമാബാദിന് മുകളിലായാണ് പറക്കുംതളികക്ക് സമാനമായ അജ്ഞാത വസ്തു ദൃശ്യമായത്. രണ്ട് മണിക്കൂറോളം ഏറെ ഉയരത്തിൽ ചുറ്റിപ്പറന്ന ഇതിന്‍റെ ദൃശ്യങ്ങൾ പലരും പകർത്തുകയും ചെയ്തു.
ത്രികോണാകൃതിയിലാണ് അജ്ഞാതവസ്തുവെന്ന് അനൗദ്യോഗിക വാനനിരീക്ഷകനായ അർസ്ലൻ വറൈച് പറയുന്നു. തന്‍റെ ഡ്രോൺ പറത്തുന്നതിനിടെയാണ് ഇദ്ദേഹം അജ്ഞാതവസ്തുവിനെ കണ്ടെത്തിയത്. ഇതിന്‍റെ വിഡിയോ പകർത്തുകയും ചെയ്തു. രണ്ടുമണിക്കൂറോളം ഇത് ആകാശത്തുണ്ടായിരുന്നെന്നും പിന്നെ പതിയെ കാണാതാവുകയായിരുന്നെന്നും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഇയാൾ പറഞ്ഞു.
അതേസമയം, അജ്ഞാതവസ്തു കണ്ടത് സംബന്ധിച്ച് പാക് അധികൃതരുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമോ വിശദീകരണമോ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.