ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു
text_fieldsലണ്ടൻ: മാതാവ് എലിസബത്ത് രാജ്ഞിയുടെ പ്രചോദാത്മക മാതൃകയനുസരിച്ച് പ്രവർത്തിക്കുമെന്നു പ്രതിജ്ഞയെടുത്ത് ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി സ്ഥാനമേറ്റു. ചരിത്രത്തിലാദ്യമായി സ്ഥാനാരോഹണം തത്സമയം ടെലിവിഷനിൽ സംപ്രേഷണം ചെയ്തു. ലണ്ടനിലെ സെന്റ് ജയിംസ് പാലസിൽ നടന്ന ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി, കാന്റർബറി ആർച്ച് ബിഷപ് അടക്കം പ്രമുഖർ അംഗങ്ങളായ അക്സഷൻ കൗൺസിലാണ് പ്രഖ്യാപനം നടത്തിയത്.
പ്രഖ്യാപന വേളയിൽ ചാൾസ് രാജാവിനൊപ്പം ഭാര്യ രാജ്ഞി കാമില, മകനും കിരീടാവകാശിയുമായ വില്യം രാജകുമാരൻ എന്നിവരുമുണ്ടായിരുന്നു. 73കാരനായ പുതിയ രാജാവിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട ഔദ്യോഗികച്ചടങ്ങ് പിന്നീടായിരിക്കും പ്രഖ്യാപിക്കുക. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് പകുതി താഴ്ത്തിക്കെട്ടിയിരുന്ന ബ്രിട്ടീഷ് പതാകകൾ പുതിയ രാജാവിന്റെ വാഴിക്കലിന്റെ സമയത്ത് പൂർണമായി ഉയർത്തിക്കെട്ടി. ചടങ്ങിനുശേഷം ദുഃഖാചരണത്തിന്റെ ഭാഗമായി പതാകകൾ വീണ്ടും പകുതി താഴ്ത്തി. സ്ഥാനമേറ്റെടുത്തശേഷം വിളിച്ച ആദ്യ പ്രിവി കൗൺസിൽ യോഗത്തിൽ രാജാവെന്ന നിലയിലുള്ള കടമകളും ഉത്തരവാദിത്തങ്ങളും ഭംഗിയായി നിർവഹിക്കുമെന്ന് ചാൾസ് മൂന്നാമൻ പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബിയിലായിരിക്കും എലിസബത്ത് രാജ്ഞിയുടെ സംസ്കാരം. വെസ്റ്റ് മിനിസ്റ്റർ ഹാളിൽ ജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യമൊരുക്കും. ബാൽമൊറാൽ എസ്റ്റേറ്റിലുള്ള മൃതദേഹം അടുത്ത ദിവസം എഡിൻബറയിലെ ഹോളിറുഡ് ഹൗസിലെത്തിക്കും. ഇവിടെനിന്ന് മൃതദേഹം സെന്റ് ഗിൽസ് കത്തീഡ്രലിലെത്തിക്കും. പിന്നീട് ബക്കിങ്ഹാം കൊട്ടാരത്തിലും അവിടെനിന്ന് വെസ്റ്റ് മിനിസ്റ്റർ ആബിയിലുമെത്തിക്കും. കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലായിരിക്കും സംസ്കാര ശുശ്രൂഷകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.