വിക്ഷേപണത്തിനൊരുങ്ങി ചന്ദ്രനിലേക്ക് നാസ റോക്കറ്റ്
text_fieldsവാഷിങ്ടൺ: ചന്ദ്രൻ ലക്ഷ്യമിട്ട് നാസയുടെ റോക്കറ്റ് 'സ്പേസ് ലോഞ്ച് സിസ്റ്റം' (എസ്.എൽ.എസ്) 29ന് കുതിക്കുമെന്ന് കണക്കുകൂട്ടൽ. കെന്നഡി ബഹിരാകാശ നിലയത്തിൽനിന്ന് യാത്രികർ ഇല്ലാതെയാകും റോക്കറ്റ് പുറപ്പെടുക. തുടർ യാത്രകളിൽ മനുഷ്യരും യാത്രയാകും. മനുഷ്യനെ വഹിച്ച് 2024ൽ ആർടെമിസ് 2 യാത്രയാകുമെന്നും അടുത്തഘട്ടത്തിൽ വനിതകൾ കൂടി യാത്രികരായുണ്ടാകുമെന്നും നാസ അറിയിച്ചു.
ആഗസ്റ്റ് 29ന് വിക്ഷേപിക്കാനായില്ലെങ്കിൽ സെപ്റ്റംബർ രണ്ടിനോ അഞ്ചിനോ ആകും പുറപ്പെടുക. ചന്ദ്രനിലിറങ്ങുന്ന പേടകം തിരിച്ച് കാലിഫോർണിയയിൽനിന്ന് മാറി പസഫിക് സമുദ്രത്തിലാകും ഇറക്കുക. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കൂടി സഹകരണത്തോടെയാണ് ദൗത്യം.
മനുഷ്യൻ അവസാനമായി ചന്ദ്രനിലെത്തിട്ട് അഞ്ചു പതിറ്റാണ്ട് പൂർത്തിയാകാനിരിക്കെയാണ് നാസയുടെ പുതിയ ദൗത്യം. 1972ൽ മനുഷ്യനെയും വഹിച്ച് യാത്ര നടത്തിയ അപ്പോളോ 17ന്റെ 50ാം വാർഷികം ഡിസംബറിൽ ആഘോഷിക്കാനിരിക്കുകയാണ്. ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാകുന്നതോടെ 2030ലോ തൊട്ടുടനോ ചൊവ്വയിലേക്കും മനുഷ്യനെ അയക്കാനാകുമെന്ന് നാസ കണക്കുകൂട്ടുന്നു.
അപ്പോളോയെ അയച്ച സാറ്റേൺ 5 റോക്കറ്റുകളേക്കാൾ അധിക ശേഷിയുള്ളതാണ് എസ്.എൽ.എസ്. യാത്രികരെ വഹിക്കാനുള്ള ഓറിയോൺ വാഹനവും കൂടുതൽ വിശാലതയുള്ളതാണ്.എസ്.എൽ.എസിനു സമാനമായി അമേരിക്കൻ സംരംഭകനായ ഇലോൺ മസ്ക് 'സ്റ്റാർഷിപ്' എന്ന പേരിൽ സ്വന്തമായി റോക്കറ്റ് നിർമിക്കുന്നുണ്ട്. ഇവ കൂടി നാസ ദൗത്യങ്ങളിൽ പങ്കാളിയാകും. ഓരോ ചാന്ദ്രദൗത്യത്തിനും 400 കോടി ഡോളറാണ് ചെലവ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.