സുനിത വില്യംസിനെ തിരിച്ചെത്തിക്കുന്നതിനുള്ള സ്പേസ് എക്സിന്റെ ദൗത്യത്തിന് തുടക്കം
text_fieldsവാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ തുടരുന്ന നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസിനേയും ബുച്ച് വിൽമോറിനേയും തിരികെയെത്തിക്കുന്നതിനുള്ള സ്പേസ് എക്സിന്റെ ദൗത്യത്തിന് തുടക്കം. സ്പേസ് എക്സ് ക്രൂ-9 ദൗത്യത്തിന് ഫ്ലോറിഡയിലാണ് വിജയകരമായ തുടക്കമായത്.
ഫ്ലോറിഡയിലെ കേപ് കാനവെറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഫ്രീഡം എന്ന് പേരിട്ടിരിക്കുന്ന ക്രൂ ഡ്രാഗൺ ക്യാപ്സൂളുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചു. രണ്ട് സീറ്റ് ഒഴിച്ചിട്ടാണ് പേടകത്തിന്റെ യാത്ര തുടങ്ങിയിരിക്കുന്നത്. ഈ സീറ്റുകളിലാവും സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങുക.
നാസയുടെ തന്നെ ശാസ്ത്രജ്ഞരായ നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവുമാണ് പേടകത്തിൽ ഉള്ളത്. സുനിത വില്യംസും ബുച്ച് വിൽമോറും 2025 ഫെബ്രുവരിയിലായിരിക്കും ക്രൂ-9 പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങുക. ഇക്കാര്യത്തിൽ നാസ നേരത്തെ വ്യക്തത നൽകിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളാണ് ബോയിങ്ങും സ്പേസ് എക്സും.
ജൂൺ അഞ്ചിനാണ് ബോയിങ്ങിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിലെത്തിയത്. എന്നാൽ, പേടകത്തിന്റെ തകരാർ മൂലം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. ഇരുവരുമില്ലാതെയാണ് പിന്നീട് സ്റ്റാർലൈനർ പേടകം തിരിച്ചിറക്കിയത്. ഇതോടെ, ഇരുവരുടെയും മടക്കം അനിശ്ചിതമായി വൈകുകയാണുണ്ടായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.