വ്യോമ പ്രതിരോധം ശക്തമാക്കാൻ നാറ്റോ; 40ലധികം നഗരങ്ങൾ ആക്രമിച്ച് റഷ്യ
text_fieldsകിയവ്/ബ്രസൽസ്: കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യൻ മിസൈലുകൾ 40 ലധികം യുക്രെയ്നിയൻ നഗരങ്ങളിലും പട്ടണങ്ങളിലും ആക്രമണം നടത്തിയതായി റിപ്പോർട്ട്. തിങ്കളാഴ്ച മുതൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായാണ് സൂചന. 28 ഊർജ സംവിധാനങ്ങളിൽ ആക്രമണം നടന്നതായി യുക്രെയ്നിയൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. തെക്കൻ തുറമുഖ നഗരമായ മൈക്കോലൈവിൽ വൻ ബോംബാക്രമണം നടന്നതായി മേഖല ഗവർണർ വിറ്റാലി കിം പറഞ്ഞു. അഞ്ച് നിലകളുള്ള താമസ കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകൾ പൂർണമായും തകർന്നതായും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ ഓഫിസിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കിയവ് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ നടന്ന മൂന്ന് ഡ്രോൺ ആക്രമണങ്ങൾ അടിസ്ഥാനസൗകര്യങ്ങളെ ബാധിച്ചതായി പ്രാദേശിക ഭരണകൂടം പറഞ്ഞു.പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇറാൻ നിർമിത 'കാമികാസെ ഡ്രോണുകൾ' ആണ് ഉപയോഗിച്ചതെന്ന് കിയവ് മേഖല ഗവർണർ ഒലെക്സി കുലേബ പറഞ്ഞു.
വ്യോമപ്രതിരോധം ശക്തമാക്കാൻ നാറ്റോ
അതിനിടെ പാട്രിയറ്റ് അടക്കം മിസൈൽ സംവിധാനങ്ങളുമായി യൂറോപ്പിന്റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ബ്രസൽസിൽ വ്യാഴാഴ്ച നടന്ന നാറ്റോ സഖ്യകക്ഷികളുടെ യോഗത്തിൽ അവതരിപ്പിച്ചു. യൂറോപ്യൻ വ്യോമപ്രതിരോധ കരുത്തിന് സംയുക്തമായി ആയുധങ്ങൾ വാങ്ങുന്നത് സംബന്ധിച്ച ഒപ്പിടൽ ചടങ്ങിൽ ജർമനിയടക്കം യൂറോപ്യൻ നാറ്റോ അംഗങ്ങൾ പങ്കെടുത്തു.
ആക്രമണത്തെ വീണ്ടും ന്യായീകരിച്ച് റഷ്യ
'പ്രത്യേക ഓപറേഷൻ' എന്ന് വിശേഷിപ്പിച്ച് പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഫെബ്രുവരി 24 ലെ അധിനിവേശത്തെ റഷ്യ ആവർത്തിച്ച് ന്യായീകരിച്ചു, സഖ്യത്തിൽ ചേരാനുള്ള യുക്രെയ്നിന്റെ നീക്കം റഷ്യയുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. ഇത് മൂന്നാം ലോകയുദ്ധത്തിന് കാരണമാകുമെന്നും റഷ്യൻ സുരക്ഷ സമിതി ഡെപ്യൂട്ടി സെക്രട്ടറി അലക്സാണ്ടർ വെനിഡിക്റ്റോവ് വ്യാഴാഴ്ച പറഞ്ഞു.
സൈനിക സഹായവുമായി 50 രാജ്യങ്ങൾ
50ലധികം പാശ്ചാത്യ രാജ്യങ്ങൾ വ്യോമപ്രതിരോധ ആയുധങ്ങൾ അടക്കം യുക്രെയ്നിന് കൂടുതൽ സൈനികസഹായം ബുധനാഴ്ചവാഗ്ദാനം ചെയ്തു.
നാല് എയർ ഡിഫൻസ് സിസ്റ്റങ്ങളിൽ ആദ്യത്തേത് ജർമനി യുക്രെയ്നിന് അയച്ചു, അതേസമയം വാഗ്ദാനം ചെയ്ത എയർ ഡിഫൻസ് സിസ്റ്റം അയക്കൽ വേഗത്തിലാക്കുമെന്ന് വാഷിങ്ടൺ പറഞ്ഞു.റഷ്യൻ സൈന്യം ശൈത്യകാലത്തെ ആയുധമായി ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.