നാറ്റോ പ്രവേശനം: ആദ്യ ഘട്ടം കടന്ന് സ്വീഡനും ഫിൻലൻഡും
text_fieldsബ്രസൽസ്: യുക്രെയ്ൻ അധിനിവേശത്തോടെ റഷ്യയെ കൂടുതൽ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യവുമായി നോർത്ത് അത്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) ശക്തിപ്പെടുത്തുന്നതിന് അംഗരാജ്യങ്ങൾ നടപടി തുടങ്ങി.
പുതിയ അംഗത്വ അപേക്ഷകരായ സ്വീഡനും ഫിൻലൻഡും ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. രണ്ടു രാജ്യങ്ങളുടെയും അംഗത്വത്തിന് പ്രാഥമിക അനുമതി നൽകി അപേക്ഷ അംഗരാജ്യങ്ങളിലെ നിയമനിർമാണസഭയുടെ അംഗീകാരത്തിനായി അയച്ചതായി നാറ്റോ സെക്രട്ടറി ജനറൽ യെൻസ് സ്റ്റോൾട്ടൻബർഗ് അറിയിച്ചു.
കഴിഞ്ഞയാഴ്ച മഡ്രിഡിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ 30 അംഗരാജ്യങ്ങളും സ്വീഡനും ഫിൻലൻഡിനും അംഗത്വം നൽകുന്ന കാര്യത്തിൽ വാക്കാൽ ധാരണയിലെത്തിയിരുന്നു. അതേസമയം, സ്വീഡനും ഫിൻലൻഡിനും അംഗത്വം നൽകുന്നത് അംഗരാജ്യമായ തുർക്കി എതിർത്തേക്കുമെന്നാണ് സൂചന. തുർക്കിയിൽ സർക്കാറിനെതിരെ നടന്ന അട്ടിമറി ശ്രമങ്ങളിൽ പങ്കാളികളായവരെ വിട്ടുകൊടുക്കുന്നതിൽ സ്വീഡനും ഫിൻലൻഡും വിമുഖത കാണിക്കുന്നതിനാൽ തുർക്കി പാർലമെന്റ് അംഗത്വ അനുമതി നൽകിയേക്കില്ലെന്ന് കഴിഞ്ഞ ദിവസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞിരുന്നു. 30 അംഗരാജ്യങ്ങളിലെയും നിയമനിർമാണസഭകൾ അനുമതി നൽകിയാലേ അംഗത്വം ലഭിക്കു.
ഫിൻലൻഡ് വിദേശമന്ത്രി പെക്ക ഹാവിസ്റ്റോ, സ്വീഡൻ വിദേശമന്ത്രി ആൻ ലിൻഡെ എന്നിവരും സ്റ്റോൾട്ടൻബർഗിനൊപ്പം വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.