ഭരണമാറ്റത്തെ സ്വാഗതം ചെയ്ത് നാറ്റോ
text_fieldsസിറിയയിൽ ഭരണമാറ്റത്തെ സ്വാഗതം ചെയ്ത് നാറ്റോ. ‘‘ സുതാര്യവും സമാധാനപരവുമായ ഭരണമാറ്റമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പുതിയ സർക്കാറിൽ എല്ലാ വിഭാഗം രാഷ്ട്രീയ കക്ഷികൾക്കും പ്രാതിനിധ്യമുണ്ടാകുമെന്നും പ്രതീക്ഷിക്കാം ’’- നാറ്റോ മേധാവി മാർക്ക് റൂട്ട് പറഞ്ഞു. സിറിയയുടെ ഇന്നത്തെ അവസ്ഥക്ക് ഇറാനും റഷ്യക്കും പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഭിനന്ദനക്കുറിപ്പുമായി ഹമാസ്; അപലപിച്ച് ഹിസ്ബുല്ല
സിറിയൻ പ്രതിപക്ഷ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹമാസ്. സിറിയൻ ജനതയുടെ വിജയത്തെ അഭിനന്ദിക്കുന്നതായി ഹമാസ് ടെലിഗ്രാമിലൂടെ പുറത്തുവിട്ട വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ബശ്ശാറിനെതിരായ ഏതു പോരാട്ടത്തെയും പിന്തുണക്കുമെന്ന് 2012ൽ തന്നെ ഹമാസ് വ്യക്തമാക്കിയിരുന്നു. അതേസമയം, സിറിയയിലെ പുതിയ സംഭവവികാസങ്ങളും ഇപ്പോൾ നടക്കുന്ന ഭരണമാറ്റ പ്രക്രിയകളും അപകടകരമാണെന്നാണ് ഹിസ്ബുല്ല അഭിപ്രായപ്പെട്ടത്.
ബശ്ശാറിന്റെ കൊട്ടാരം കൈയേറി പ്രക്ഷോഭകർ
മോസ്കോയിലേക്ക് നാടുവിട്ട ബശ്ശാറുൽ അസദിന്റെ ഡമസ്കസിലെ കൊട്ടാരത്തിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടു.
ആഡംബര വസ്തുക്കളും ആഭരണങ്ങളുമെല്ലാം കവർന്നെടുത്തതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. ആഡംബര കാറുകളുടെ വലിയ നിരയും ചിത്രത്തിൽ കാണാമായിരുന്നു.
എച്ച്.ടി.എസ് കരിമ്പട്ടികയിൽനിന്ന് ഒഴിവാകുമോ?
ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ എച്ച്.ടി.എസിനെ തീവ്രവാദി ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിറിയയിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ എച്ച്.ടി.എസിനെ കരിമ്പട്ടികയിൽനിന്ന് നീക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബ്രിട്ടീഷ് സർക്കാർ ഇതുസംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും സമാനമായ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.
എല്ലാവരെയും ഉൾക്കൊള്ളുന്ന മാറ്റം വേണം -ഇന്ത്യ
സിറിയയിലെ രാഷ്ട്രീയ മാറ്റം സമാധാനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകണമെന്ന് ഇന്ത്യ. ആ രാജ്യത്ത് സ്ഥിരതയുള്ള സംവിധാനത്തിനാകണം മാറ്റങ്ങളെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. സിറിയയിലെ സംഭവ വികാസങ്ങൾ നിരീക്ഷിച്ചുവരുകയാണ്.
ഡമസ്കസിലെ ഇന്ത്യൻ എംബസി അവിടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷക്കായി അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.