വാഗ്നർ കൂലിപട്ടാളത്തിന്റെ ഭീഷണിയിൽ നിന്ന് അംഗ രാജ്യങ്ങളെ സംരക്ഷിക്കും -നാറ്റോ
text_fieldsബ്രസ്സൽസ്: വാഗ്നർ കൂലിപട്ടാളത്തിന്റെ ബെലറൂസിലേക്കുള്ള മാറ്റം നാറ്റോയുടെ കിഴക്കൻ യൂറോപ്യൻ അംഗങ്ങൾക്ക് അസ്ഥിരതയുണ്ടാക്കുമെന്ന് രാഷ്ട്രനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഏത് ഭീഷണിയെയും പ്രതിരോധിക്കാൻ പാശ്ചാത്യ സൈനിക സഖ്യം തയാറാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വാഗ്നർ തലവൻ യെവ്ജെനി പ്രിഗോഷിൻ ചൊവ്വാഴ്ച ബെലാറസിൽ എത്തിയിരുന്നു.
അട്ടിമറി ഭീഷണിയുമായി റഷ്യയെ 24 മണിക്കൂർ മുൾമുനയിൽ നിർത്തിയ ശേഷമാണ് വാഗ്നർ കൂലിപ്പട പിൻമാറിയത്. തെക്കൻ റഷ്യയിലെ റോസ്തോവ് നഗരം പിടിച്ച് മോസ്കോ ലക്ഷ്യമിട്ട് പുറപ്പെട്ട പ്രിഗോഷിനും സംഘവും ബെലാറൂസ് പ്രസിഡന്റിന്റെ ഇടപെടലിൽ പുടിൻ ഭരണകൂടവുമായി ഒത്തുതീർപ്പിലെത്തുകയായിരുന്നു. ഒത്തുതീർപ്പ് കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രിഗോഷിൻ അയൽരാജ്യമായ ബെലറൂസിൽ അഭയം പ്രാപിച്ചത്.
അതേസമയം, വാഗ്നർ കൂലിപട്ടാളത്തിന്റെ ബെലാറൂസിലെ സാന്നിധ്യം നാറ്റോ അംഗരാജ്യങ്ങളുടെ സമാധാനം കെടുത്തിയിട്ടുണ്ട്. “വാഗ്നർ അതിന്റെ സീരിയൽ കില്ലർമാരെ ബെലാറൂസിൽ വിന്യസിച്ചാൽ, എല്ലാ അയൽ രാജ്യങ്ങളും വലിയ അപകടത്തെ അഭിമുഖീകരിക്കും,” ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനസ് നൗസെദ ഹേഗിൽ പറഞ്ഞു.
ജൂലൈ 11-12 തീയതികളിൽ ലിത്വാനിയയിലെ വിൽനിയസിൽ നടക്കുന്ന 31 അംഗങ്ങളുടെ ഉച്ചകോടിയിൽ വാഗ്നർ കൂലിപ്പടയാളികൾ നാറ്റോയ്ക്ക് ഉയർത്തുന്ന ഭീഷണി അജണ്ടയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ പറഞ്ഞു.
അതിനിടെ, വാഗ്നർ കൂലിപ്പട്ടാളത്തെ ബെലറൂസ് സേനയിൽ ചേർക്കുന്നതിനെക്കുറിച്ച് പ്രതിരോധ മന്ത്രി വിക്ടർ ഖ്രെന്നിക്കോവ് പ്രസിഡന്റുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് യെവ്ജനി പ്രിഗോഷിനുമായി ചർച്ച നടത്താൻ പ്രസിഡന്റ് പ്രതിരോധ മന്ത്രിയെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.