ചന്ദ്രയാൻ വിജയത്തിൽ ഇന്ത്യയെ പുകഴ്ത്തി നവാസ് ശരീഫ്
text_fieldsഇസ്‍ലാമാബാദ്: ഇന്ത്യയെ വീണ്ടും വാനോളം പ്രശംസിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്. ലോകരാജ്യങ്ങൾ ചന്ദ്രനിലേക്ക് പോകുമ്പോൾ, പാകിസ്താൻ ഭൂമിയിൽ നിന്നുതന്നെ ഉയർന്നിട്ടില്ലെന്ന് ശരീഫ് പറഞ്ഞു. ഇസ്‍ലാമാബാദിൽ പാകിസ്താൻ മുസ്‍ലിം ലീഗ്-എൻ യോഗം അഭിസംബോധന ചെയ്യുകയായിരുന്ന ശരീഫ്. പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു മുൻ പ്രധാനമന്ത്രിയുടെ പരാമർശം.''നമ്മുടെ അയൽരാജ്യങ്ങൾ ചന്ദ്രനിലേക്ക് പോകുന്നു.എന്നാൽ ഭൂമിയിൽ നിന്നു പോലും ഉയരാൻ നമുക്ക് സാധിക്കുന്നില്ല.ഇങ്ങനെയാണെങ്കിൽ ഒന്നും നടക്കില്ല.''-ഇന്ത്യയുടെ ചന്ദ്രയാൻ വിജയം പരാമർശിച്ച് ശരീഫ് പറഞ്ഞു.
നമ്മുടെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം നമ്മൾ തന്നെയാണ്. അല്ലായിരുന്നുവെങ്കിൽ ഈ രാഷ്ട്രം മറ്റൊരു നിലയിൽ എത്തുമായിരുന്നു. നമ്മുടെ രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്. അതവസാനിപ്പിക്കണം. രാജ്യത്തുടനീളമുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കണം. കറാച്ചിയിൽ സമാധാനം പുനഃസ്ഥാപിക്കണം. ഹൈവേകൾ നിർമിക്കണം. പുതിയ വികസനങ്ങൾ വന്നാൽ രാജ്യം പുരോഗതിയിലേക്ക് കുതിക്കും.-ശരീഫ് റാലിയിൽ പറഞ്ഞു.
നാലാംതവണ പ്രധാനമന്ത്രിയാകാൻ തയാറെടുക്കുകയാണ് നവാസ് ശരീഫ്. മൂന്നുതവണയും അതായത് 1993ലും 1999ലും 2017ലും തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും ശരീഫ് ചൂണ്ടിക്കാട്ടി.
നാലുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഒക്ടോബറിലാണ് നവാസ് ശരീഫ് ലണ്ടനിൽ നിന്ന് പാകിസ്താനിലേക്ക് മടങ്ങിയെത്തിയത്. മൂന്നുതവണയാണ് അദ്ദേഹം പാക് പ്രധാനമന്ത്രിപദത്തിലിരുന്നത്. അൽ അസീസിയ സ്റ്റീൽ അഴിമതിക്കേസിൽ കഴിഞ്ഞാഴ്ച ശരീഫിനെ കുറ്റവിമുക്തനാക്കിയിരുന്നു. അവെൻ ഫീൽഡ് അഴിമതിക്കേസിലും നേരത്തേ കുറ്റവിമുക്തനായിരുന്നു. 2018ലാണ് ഈ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.