ഈദിന് ശേഷം നവാസ് ശരീഫ് പാകിസ്താനിലെത്തും; നിയമപരമായി കേസുകൾ നേരിടുമെന്നും പാർട്ടി
text_fieldsഇസ്ലാമാബാദ്: ഈദുൽ ഫിത്വറിന് ശേഷം പാക്കിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് ലണ്ടനിൽ നിന്നു പാകിസ്താനിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്താൻ മുസ്ലിം ലീഗ് (എൻ) വൃത്തങ്ങൾ അറിയിച്ചു. പാർട്ടി തലവനായ നവാസ് രാജ്യത്ത് മടങ്ങിയെത്തിയശേഷം നിയമപരമായും ഭരണഘടന അനുസരിച്ചും അദ്ദേഹത്തിനെതിരെ നിലനിൽക്കുന്ന കേസുകൾ നേരിടുമെന്നും പാർട്ടിയിലെ ഉന്നത നേതാക്കൾ പറഞ്ഞു.
അഴിമതി കേസുകളിൽ ആരോപണ വിധേയനായ ശരീഫിനെ 2019ലാണ് ചികിത്സക്ക് വേണ്ടി നാലാഴ്ചത്തേക്ക് വിദേശത്ത് പോകാൻ ലാഹോർ ഹൈകോടതി അനുമതി നൽകിയത്. അന്ന് മുതൽ അദ്ദേഹം ലണ്ടനിലാണ്.
"ഈദിന് ശേഷം നവാസ് ശരീഫിനെ പാകിസ്താനിൽ കാണും" പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫിന്റെ മന്ത്രിസഭയിൽ അംഗമായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത പി.എം.എൽ-എൻ നേതാവ് മിയാൻ ജാവേദ് ലത്തീഫ് പറഞ്ഞു. 72 കാരനായ നവാസ് നിയമവും ഭരണഘടനയും അനുസരിച്ച് കേസുകൾ നേരിടുമെന്നും പാർട്ടി കോടതിയിൽ വിശ്വസിക്കുകയും വിധി അംഗീകരിക്കുമെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.
നാലാഴ്ചക്കുള്ളിൽ അദ്ദേഹം മടങ്ങിയെത്തിയില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ലാഹോർ ഹൈകോടതി ശരീഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹം ആരോഗ്യവാനാണെന്നും യാത്ര ചെയ്യാൻ സാധിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
അൽ-അസീസിയ മിൽ അഴിമതിക്കേസിൽ ലാഹോറിലെ കോട് ലഖ്പത് ജയിലിൽ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. നവാസിന്റെ പാസ്‌പോർട്ട് ഫെബ്രുവരിയിൽ കാലഹരണപ്പെട്ടെങ്കിലും ഇംറാൻ ഖാന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് പുതുക്കാൻ വിസമ്മതിച്ചിരുന്നു.
എന്നാൽ, സഹോദരനായ ഷഹ്ബാസ് ശരീഫ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നവാസിന്റെയും ഭാര്യാസഹോദരൻ ഇസ്ഹാഖ് ദാറിന്റെയും പാസ്‌പോർട്ട് പുതുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകിയെന്ന വാർത്ത പുറത്ത് വന്നിരുന്നു.
പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) വിദേശകാര്യ മന്ത്രി സ്ഥാനത്തേക്ക് ബിലാവൽ ഭൂട്ടോ സർദാരിയെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സത്യപ്രതിജ്ഞ ചെയ്യുമെന്നും പുതുതായി നിയമിതരായ മന്ത്രിസഭയെക്കുറിച്ച് സംസാരിക്കവെ ലത്തീഫ് പറഞ്ഞു. ബിലാവൽ ഭൂട്ടോ ലണ്ടനിലേക്ക് പോകുമെന്നും നവാസിനെ നേരിൽ കണ്ട് സഖ്യ സർക്കാരിനെ അഭിനന്ദിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.