നവാസ് ശരീഫ് അടുത്തമാസം പാകിസ്താനിൽ തിരിച്ചെത്തും
text_fieldsഇസ്‍ലാമാബാദ്: മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് അടുത്ത മാസം പാകിസ്താനിലേക്ക് മടങ്ങിയെത്തും. പാകിസ്താൻ മുസ്‍ലിം ലീഗിലെ മുതിർന്ന നേതാവാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സക്കായി 2019 നവംബറിൽ ലാഹോർ കോടതി അനുവദിച്ച നാലാഴ്ചത്തെ ജാമ്യം മുതലെടുത്ത് മൂന്നുവർഷമായി നവാസ് ശരീഫ് ലണ്ടനിലാണ് കഴിയുന്നത്. വിദേശത്ത് തുടർചികിത്സ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവാസ് ശരീഫ് ലാഹോർ ഹൈകോടതിയിൽ നൽകിയ ഹരജി പരിഗണിച്ചായിരുന്നു ഇളവ് നൽകിയത്.
അഴിമതിക്കേസിലാണ് അദ്ദേഹം ജയിൽ ശിക്ഷയനുഭവിച്ചിരുന്നത്. അദ്ദേഹം ജനുവരിയിൽ മടങ്ങിവരുമെന്ന് ധനമന്ത്രി അയാസ് സാദിഖ് ആണ് ജിയോ ടി.വിയോട് വെളിപ്പെടുത്തിയത്. തന്റെ പാർട്ടി ശരീഫിന്റെ മടങ്ങിവരവിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ശരീഫ് നിശ്ചയിക്കും. 2023 ആഗസ്റ്റിലാണ് പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടക്കുക. അൽ അസീസിയ ഉരുക്ക് മിൽ അഴിമതിക്കേസിൽ ശരീഫിന് 11 വർഷത്തെ തടവാണ് അക്കൗണ്ടബിലിറ്റി കോടതി വിധിച്ചത്. മൂന്നുതവണയാണ് പഞ്ചാബിന്റെ സിംഹമെന്നറിയപ്പെടുന്ന അദ്ദേഹം പാകിസ്താന്റെ പ്രധാനമന്ത്രിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.