നവാസ് ശരീഫ് അടുത്തമാസം പാകിസ്താനിൽ തിരിച്ചെത്തും
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുസ്ലിംലീഗ്-നവാസ് (പി.എം.എൽ-എൻ) നേതാവുമായ നവാസ് ശരീഫ് സെപ്റ്റംബറിൽ രാജ്യത്ത് തിരിച്ചെത്തും. 2019 നവംബർ മുതൽ ലണ്ടനിലുള്ള അദ്ദേഹം തിരിച്ചെത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് സഹോദരനും നിലവിലെ പ്രധാനമന്ത്രിയുമായ ശഹബാസ് ശരീഫ് അറിയിച്ചു. തിരിച്ചെത്തുന്ന തീയതി വ്യക്തമാക്കിയിട്ടില്ല.
അൽ അസീസിയ മിൽസ് അഴിമതിക്കേസിൽ ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ 2019ൽ കോടതിയുടെ അനുമതിയോടെ ചികിത്സക്കായി ലണ്ടനിലേക്ക് പോയ നവാഫ് ശരീഫ് അവിടെത്തന്നെ തുടരുകയായിരുന്നു. പാനമ പേപ്പേഴ്സ് കേസിൽ സുപ്രീംകോടതി വിധിയെത്തുടർന്ന് പൊതുഭരണ ചുമതലകൾ നിർവഹിക്കുന്നതിന് അദ്ദേഹത്തിന് ആജീവനാന്ത വിലക്കുണ്ട്. കഴിഞ്ഞ മേയിൽ തെരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷൻ 232 (യോഗ്യതകളും അയോഗ്യതകളും) ഭേദഗതി പ്രകാരം പരമാവധി അയോഗ്യത കാലാവധി അഞ്ചുവർഷമാക്കിയിരുന്നു.
എന്നാൽ, ഈ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും വിലക്ക് നിലനിൽക്കുമെന്നും ചീഫ് ജസ്റ്റിസ് ഉമർ അത്താ ബന്ദ്യാലിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വെള്ളിയാഴ്ച ചൂണ്ടിക്കാട്ടി. നവാസ് ശരീഫ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ജയിച്ചാൽ പ്രധാനമന്ത്രിയാകുമെന്നും ശഹബാസ് ശരീഫ് പ്രഖ്യാപിച്ചത് സുപ്രീംകോടതിയുമായി ഏറ്റുമുട്ടലിലേക്കാണ് വഴിതുറക്കുന്നത്. കാലാവധി പൂർത്തിയാക്കി പാർലമെന്റ് പിരിച്ചുവിട്ട സമയത്ത് സുപ്രീംകോടതി ഇത്തരമൊരു ഉത്തരവിട്ടത് നിരാശജനകമാണെന്ന് ശഹബാസ് ശരീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.