ജൂൺ രണ്ട് വരെ നൽകിയത് 200 കോടി ഡോസ് വാക്സിൻ; 60 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിൽ
text_fieldsന്യൂഡൽഹി: കോവിഡിനെതിരായുള്ള പോരാട്ടത്തിന്‍റെ ഭാഗമായി ലോകത്താകമാനം കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 200 കോടി ഡോസ് വാക്സിൻ നൽകിയെന്നാണ് കണക്ക്. ഇതിൽ 60 ശതമാനത്തിലേറെ വാക്സിനും നൽകിയത് ഇന്ത്യ, ചൈന, യു.എസ് എന്നീ മൂന്ന് രാജ്യങ്ങളിലെ ജനങ്ങൾക്കാണെന്ന് ജൂൺ രണ്ട് വരെയുള്ള കണക്കുകൾ വിലയിരുത്തി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ലോകജനസംഖ്യയുടെ 40 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിലാണ്. കോവിഡിനെതിരേയുള്ള ആർജിത പ്രതിരോധ ശേഷി കൈവരിക്കാൻ ലോകജനസംഖ്യയുടെ 70 ശതമാനത്തിനും പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിനായി മൊത്തം 1100 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യേണ്ടി വരും.
വാക്സിനേഷനിൽ ചൈനയാണ് മുന്നിൽ. ജൂൺ രണ്ട് വരെയുള്ള കണക്കുപ്രകാരം 70.5 കോടിയിലേറെ ഡോസ് വാക്സിൻ ചൈന ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. യു.എസിൽ 29.7 കോടി ഡോസ് വാക്സിൻ ആണ് നൽകിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 21.6 കോടിയിലേറെ ഡോസ് വാക്സിൻ ഇതിനോടകം ജനങ്ങൾക്ക് നൽകി. ബ്രസീൽ (6.8 കോടി), ജർമനി (5.3 കോടി) എന്നീ രാജ്യങ്ങളാണ് വാക്സിനേഷൻ കണക്കിൽ ഇന്ത്യക്ക് പിന്നിലുള്ളത്.
ദിനംപ്രതി കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകുന്നതും ഇന്ത്യ ഉൾപ്പെടെയുള്ള ഈ മൂന്ന് രാജ്യങ്ങളിലാണ്. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലും മരണനിരക്ക് കൂടുതലുള്ള രാജ്യങ്ങളിലും വാക്സിനേഷൻ വേഗത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിനേഷനിൽ മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ ഒരു ലക്ഷം പേരിൽ 180 മരണവും യു.കെയിൽ 189 മരണവും ബ്രസീലിൽ 221 മരണവും ഇസ്രായേലിൽ 74 മരണവും ഇന്ത്യയിൽ ലക്ഷം പേരിൽ 25 മരണവുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിവിധ രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താൽ ആഗോളതലത്തിൽ വാക്സിനേഷൻ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.