ഗസ്സയിൽ ഇസ്രായേൽ കൊന്നവരിൽ 44 ശതമാനവും കുട്ടികളെന്ന് യു.എൻ റിപ്പോർട്ട്; ഭൂരിഭാഗവും 5-9 വയസ്സുകാർ
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നരനായാട്ടിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമെന്ന് യു.എൻ മനുഷ്യാവകാശ സംഘടന റിപ്പോർട്ട്. ആറ് മാസത്തിനിടെ കൊല്ലപ്പെട്ടവരിൽ 70 ശതമാനത്തോളം പേർ സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ 44 ശതമാനവും കുട്ടികളാണ്. 26 ശതമാനം സ്ത്രീകളും. കഴിഞ്ഞ വർഷം നവംബർ മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള കാലയളവിലെ കണക്കാണിത്. മരിച്ച കുട്ടികളിൽ ഭൂരിഭാഗവും അഞ്ച് മുതൽ ഒമ്പത് വയസ്സുവരെയുള്ളവരാണെന്നും 32 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.
വീടുകൾക്കും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും മേൽ ബോംബിട്ടതിനെ തുടർന്നാണ് 80 ശതമാനം പേരുടെയും ജീവൻ പൊലിഞ്ഞത്. സാധാരണക്കാരും നിരപരാധികളുമായവർക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എൻ മനുഷ്യാവകാശ സംഘടന മേധാവി വോൾകർ ടേർക് പറഞ്ഞു.
അതിനിടെ, ഇസ്രായേൽ ബോംബിട്ട് തകർത്ത കെട്ടിടങ്ങളുടെ അവിശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനെത്തുന്നവർക്ക് നേരെയും ഇസ്രായേൽ ആക്രമണം രൂക്ഷമാക്കിയതോടെ ഉത്തര ഗസ്സയിലേക്ക് കടക്കാനാവാതെ രക്ഷാപ്രവർത്തന സംഘങ്ങൾ. ആരോഗ്യ പ്രവർത്തകരുടെയും രക്ഷാപ്രവർത്തകരുടെയും സേവനം നിലച്ചതോടെ ആയിരങ്ങളാണ് ചികിത്സ കിട്ടാതെ ദുരിതത്തിലായത്. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ കഴുതവണ്ടിയിലോ ചുമന്നോ കൊണ്ടുപോകേണ്ട ഗതികേടിലാണ് മേഖലയിലുള്ളവർ.
പ്രദേശവാസികൾ തന്നെയാണ് നിലവിൽ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പരിക്കേറ്റവരെ പുറത്തെടുക്കുന്നതും അടിയന്തര ചികിത്സ നൽകുന്നതും. സ്ട്രെച്ചറുകൾ ഇല്ലാത്തതിനാൽ മരപ്പലകകളും വാതിലുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതെന്ന് ബൈത് ലാഹിയയിലെ മസീൻ അഹമ്മദ് പറഞ്ഞു.
ഒരു മാസമായി വടക്കൻ ഗസ്സ പൂർണമായും വളഞ്ഞ ഇസ്രായേൽ, ഇവിടെ കൂട്ടക്കുരുതി നടത്തുകയാണ്. ബോംബിങ്ങിലും വെടിവെപ്പിലും 1500ലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ബൈത് ലാഹിയ ഉൾപ്പെടെ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രായേൽ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് രണ്ടാഴ്ച മുമ്പ് ഏറ്റവും വലിയ രക്ഷാപ്രവർത്തന സംഘമായ ഗസ്സയിലെ സിവിൽ ഡിഫൻസ് ഫോഴ്സ് പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായത്.
പരിക്കേറ്റവരെ കഴുതവണ്ടിയിലും മറ്റും ആശുപത്രിയിലെത്തിക്കേണ്ടിവരുന്നത് ചികിത്സ വൈകാനും മരണത്തിനിടയാക്കുമെന്നും യു.എൻ സന്നദ്ധ സംഘടനയായ യു.എൻ.ആർ.ഡബ്ല്യു.എ വക്താവ് ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു. രക്ഷാപ്രവർത്തകരെ ബോധപൂർവം ആക്രമിക്കുകയും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ നടത്തുന്ന ശ്രമം പരാജയപ്പെടുത്തുകയുമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ യുനിസെഫും ലോക ഭക്ഷ്യ പദ്ധതിയും ലോകാരോഗ്യ സംഘടനയും കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.