ഇന്ത്യക്കാരെക്കൊണ്ട് തോറ്റു; നേപ്പാളിലെ പെട്രോൾ പമ്പുകളിൽ നിയന്ത്രണമേർപ്പെടുത്തി
text_fieldsപാറ്റ്ന: ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില റോക്കറ്റു പോലെ കുതിക്കുന്ന സാഹചര്യത്തിൽ ഇന്ധന പമ്പുകളിൽ നിയന്ത്രണമേർപ്പെടുത്തി നേപ്പാൾ അധികൃതർ. നേപ്പാളിൽ കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന ഇന്ധനം ഇന്ത്യയിലേക്ക് കടത്തുന്നത് വ്യാപകമായതോടെയാണ് നിയന്ത്രണമേർപ്പെടുത്തിയത്.
നിയന്ത്രണ പ്രകാരം ഇനി മുതൽ ഇന്ത്യയിൽ നിന്നുള്ള വാഹനത്തിന് പരമാവധി 100 ലിറ്റർ ഇന്ധനം മാത്രമേ നേപ്പാളിലെ പമ്പുകളിൽ നിന്ന് ലഭിക്കൂ. അതിർത്തി കടന്ന് നേപ്പാളിലെത്തി വാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനം നിറച്ച് തിരികെയെത്തി വിൽപന നടത്തുന്നത് വ്യാപകമായിരുന്നു. ഇന്ത്യ-നേപ്പാൾ ധാരണ പ്രകാരം അതിർത്തി കടക്കാൻ പ്രത്യേക അനുവാദം ആവശ്യമില്ല. ഇത് മൂലം അതിർത്തി ഗ്രാമങ്ങളിലുള്ളവർ നേപ്പാളിലെത്തിയാണ് ഇന്ധനം നിറക്കുന്നത്.
പെട്രോളിന് ഇന്ത്യയിലേതിനെക്കാൾ 22 രൂപ കുറവാണ് നേപ്പാളിൽ. 70.79 രൂപക്ക് നേപ്പാളിൽ നിന്ന് വാങ്ങുന്ന പെട്രോൾ അതിർത്തി കടത്തി ഇന്ത്യയിലെത്തിച്ച് 90-95 രൂപക്കാണ് വിൽപ്പന നടത്തുന്നത്. വില കൂടിയതിന്‍റെ പശ്ചാത്തലത്തിൽ ഇന്ധനക്കടത്ത് തൊഴിലാക്കിയെടുത്തവർ അതിർത്തി ഗ്രാമങ്ങളിൽ നിരവധിയുണ്ടെന്നാണ് റിപ്പോർട്ട്.
നേപ്പാളിലെ വിലക്കുറവ് കാരണം ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിലെ പെട്രോൾ പമ്പുകളിൽ വരുമാനം വൻതോതിൽ കുറഞ്ഞു. കള്ളക്കടത്ത് തടയണമെന്നാവശ്യപ്പെട്ട് പമ്പ് ഉടമകൾ അധികൃതരെ സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.