നേപ്പാളിൽ വിമാനം തകരാൻ കാരണം മോശം കാലാവസ്ഥയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി
text_fieldsകാഠ്മണ്ഡു: നാല് ഇന്ത്യക്കാരടക്കം 22 പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നേപ്പാളിലെ മുസ്താങ് ജില്ലയിലെ പർവത പ്രദേശത്താണ് വിമാനം തകർന്നു വീണത്. കനേഡിയൻ നിർമിത ടർബോപ്രോപ്പ് ട്വിൻ ഓട്ടർ വിമാനം ഞായറാഴ്ച രാവിലെ വിനോദസഞ്ചാര നഗരമായ പൊഖാറയിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം കാണാതാകുകയായിരുന്നു.
വിമാനത്തിൽ മൂന്ന് ജീവനക്കാരും നാല് ഇന്ത്യക്കാരും രണ്ട് ജർമൻകാരും 13 നേപ്പാളി യാത്രക്കാരുമായിരുന്നു ഉണ്ടായിരുന്നത്. അപകട കാരണം കണ്ടെത്താൻ സീനിയർ എയറോനോട്ടിക്കൽ എൻജിനീയർ രതീഷ് ചന്ദ്രലാൽ സുമന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ കമീഷനെ നിയമിച്ചതായി സർക്കാർ അറിയിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് ഇടത്തേക്ക് തിരിയുന്നതിന് പകരം വിമാനം വലത്തേക്ക് തിരിഞ്ഞതിനെ തുടർന്നാണ് പർവതത്തിൽ ഇടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സി.എ.എൻ ഡയറക്ടർ ജനറൽ പ്രദീപ് അധികാരി തിങ്കളാഴ്ച പാർലമെന്റിന്റെ അന്താരാഷ്ട്ര സമിതി യോഗത്തിൽ അറിയിച്ചു. മുസ്താങ് ജില്ലയിലെ സനുസാരെ പാറക്കെട്ടിൽ തിങ്കളാഴ്ച രാവിലെയാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജോംസോം വിമാനത്താവളത്തിൽനിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെയാണ് അപകടസ്ഥലം. അപകടത്തിൽ പെട്ട 21 പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്.
വിമാനത്തിന്‍റെ കാലപ്പഴക്കമല്ല അപകട കാരണമെന്നും പ്രതികൂല കാലാവസ്ഥയാകാം അപകടത്തിന് പിന്നിലെന്നും സി.എ.എ.എൻ മുൻ ഡയറക്ടർ ജനറൽ രാജ് കുമാർ ഛേത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.