നേപ്പാൾ വിമാനാപകടം: പൈലറ്റ് രക്ഷപ്പെട്ടത് കോക്പിറ്റ് വിമാനത്തിൽ നിന്ന് വേർപെട്ടതിനാൽ
text_fieldsകാഠ്മണ്ഡു (നേപ്പാൾ): നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തീപിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടത് കോക്പിറ്റ് വിമാനത്തിൽ നിന്ന് വേർപെട്ടതിനെ തുടർന്നെന്ന് റിപ്പോർട്ട്.
പതിവ് അറ്റകുറ്റപ്പണിക്കായി പൊഖ്രയിലേക്ക് പോവുകയായിരുന്ന ശൗര്യ എയർലൈൻസിന്റെ വിമാനമാണ് ബുധനാഴ്ച രാവിലെ അപകടത്തിൽപെട്ടത്. 18 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് പൈലറ്റ് ക്യാപ്റ്റൻ മനീഷ് രത്‌ന ശാക്യ മാത്രമാണ്. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ബൊംബാർഡിയർ സി.ആർ.ജെ -200 വിമാനം എയർപോർട്ടിന്റെ അരികിലുള്ള കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കോക്പിറ്റ് കണ്ടെയ്‌നറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.
വിമാനാപകടത്തെ തുടർന്ന് രക്ഷ പ്രവർത്തകർ പരിശോധന നടത്തുന്നു
പ്രാദേശിക കമ്പനി ഹെലികോപ്റ്ററിന്റെ അറ്റകുറ്റപ്പണി ഉപകരണങ്ങൾ സൂക്ഷിക്കാൻ കണ്ടെയ്നർ വിമാനത്താവളത്തിന്റെ സമീപത്ത് സ്ഥാപിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കണ്ടെയ്നറാണ് പൈലറ്റിന് തുണയായത്. അപകടത്തിൽ വിമാനത്തിന്റെ മറുഭാഗം സമീപത്തെ കുന്നിൽ ഇടിച്ച് കഷണങ്ങളായി ചിതറി.
കോക്‌പിറ്റ് താഴെ വീണ പ്രദേശത്ത് നിന്ന് അകലെയുള്ള പ്രദേശം മുഴുവൻ തീപിടിക്കുകയും എല്ലാം കത്തിനശിക്കുകയും ചെയ്തതായി നേപ്പാൾ സിവിൽ ഏവിയേഷൻ മന്ത്രി ബദ്രി പാണ്ഡെ പറഞ്ഞു. എയർ ഷീൽഡ് തുറന്നതിനാൽ ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുകയായിരുന്ന പൈലറ്റിനെ രക്ഷാ പ്രവർത്തകർ ജനൽ തകർത്ത് പുറത്തെടുക്കുകയായിരുന്നുവെന്ന് നേപ്പാൾ പോലീസ് സീനിയർ സൂപ്രണ്ട് ദാമ്പർ ബിശ്വകർമ പറഞ്ഞു.
തുടർന്ന് സൈനിക ആംബുലൻസിൽ പൈലറ്റിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന് തലയ്ക്കും മുഖത്തും പരിക്കേറ്റതായും മുതുകിലെ എല്ലുകൾ ഒടിഞ്ഞതിന് ഉടൻ ശസ്ത്രക്രിയ നടത്തുമെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. മീന ഥാപ്പ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.