കരുതൽ നടപടിയുമായി നേപ്പാൾ, ഇറക്കുമതിക്ക് നിയന്ത്രണം
text_fieldsകാഠ്മണ്ഡു: കടുത്ത ക്ഷാമത്തിലും കടക്കെണിയിലും ശ്രീലങ്ക ഉഴറുന്നതിനിടെ ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിലും സാമ്പത്തിക പ്രതിസന്ധിയുടെ അലയൊലികൾ.
രാജ്യത്തിന്റെ കരുതൽ ശേഖരം കുറഞ്ഞതിനെ തുടർന്ന് കാർ, സ്വർണം, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഇറക്കുമതിക്ക് നേപ്പാൾ കർശന നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാൻ കടുത്ത നടപടികൾ ഏർപ്പെടുത്തുകയാണെന്നാണ് വിശദീകരണം.
അതിനിടെ, കേന്ദ്ര ബാങ്കായ നേപ്പാൾ രാഷ്ട്ര ബാങ്ക് ഗവർണർ മഹാപ്രസാദ് അധികാരിയെ പുറത്താക്കി ഡെപ്യൂട്ടി ഗവർണറെ താൽക്കാലിക ഗവർണറായി നിയമിച്ച നേപ്പാൾ സർക്കാർ നടപടി വിവാദമായി.
ഇറക്കുമതി വർധിച്ചതും വിനോദസഞ്ചാരരംഗത്തുണ്ടായ തിരിച്ചടിയുമാണ് പ്രതിസന്ധി കൂട്ടിയത്. സെൻട്രൽ ബാങ്ക് കണക്കുകൾപ്രകാരം ഫെബ്രുവരിയിൽ കരുതൽ ശേഖരം 11.75 ബില്യൺ ഡോളറിൽനിന്ന് 17 ശതമാനം കുറഞ്ഞ് 9.75 ബില്യൺ ഡോളറായി.
നിലവിലെ സാഹചര്യത്തിൽ 29 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തിന് അടുത്ത ആറു മാസംകൂടി ഇറക്കുമതി ചെയ്യാനേ ഈ തുക തികയൂ. അതേസമയം, നേപ്പാളിന്റെ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.
വർധിച്ചുവരുന്ന ഇറക്കുമതി, പണമയക്കലിന്റെ ഒഴുക്ക് കുറയൽ, വിനോദസഞ്ചാരം, കയറ്റുമതി എന്നിവയിൽനിന്നുള്ള തുച്ഛമായ വരുമാനം എന്നിവ കാരണം നേപ്പാളിന്റെ വിദേശനാണയ കരുതൽ ശേഖരം കുറഞ്ഞു. നേപ്പാളിന്റെ വിദേശനാണയ ശേഖരം കടുത്ത സമ്മർദം അനുഭവിക്കുന്ന സാഹചര്യത്തിൽ അവശ്യവസ്തുക്കളുടെ ഇറക്കുമതിയെ ബാധിക്കാത്ത വിധത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് കേന്ദ്ര ബാങ്ക് ഡെപ്യൂട്ടി വക്താവ് നാരായൺ പ്രസാദ് പൊഖാരേൽ വ്യക്തമാക്കി.
മുൻകൂർ തുകയടച്ചാലേ 50 'ആഡംബര വസ്തുക്കൾ' ഇറക്കുമതി ചെയ്യാൻ അനുമതി നൽകൂ. ഇവ സംബന്ധിച്ച നിർദേശങ്ങൾ അതിർത്തി ചെക്ക് പോയന്റുകളിൽ നൽകിയതായും അദ്ദേഹം പറയുന്നു. ഉൽപാദന, വരുമാന കാര്യത്തിൽ നേപ്പാൾ സമ്പദ്വ്യവസ്ഥ താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നും വലിയ വിദേശ കടബാധ്യത രാജ്യത്തെ ബാധിക്കുന്നില്ലെന്നും ധനമന്ത്രി ജനാർദൻ ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.