ലബനാനിലെ പേജർ ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ തന്നെ; സ്ഥിരീകരിച്ച് നെതന്യാഹു
text_fieldsതെൽഅവീവ്: ലബനാനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജർ ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ തന്നെയെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സെപ്റ്റംബറിൽ നടന്ന ആക്രമണത്തിൽ ഇസ്രായേലിനു പങ്കുണ്ടെന്ന് ആദ്യമായാണ് നെതന്യാഹു സമ്മതിക്കുന്നത്. ബൈറൂതിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിർദേശപ്രകാരമാണെന്നും ഞായറാഴ്ച ക്യാബിനറ്റ് യോഗത്തിൽ നെതന്യാഹു വ്യക്തമാക്കി.
പ്രതിരോധ വൃത്തങ്ങളിൽനിന്നും മുതിർന്ന ഉദ്യോഗസ്ഥരിൽനിന്നുമുള്ള എതിർപ്പ് വകവെക്കാതെയാണ് ലബനാനിൽ ആക്രമണം നടത്താൻ നെതന്യാഹു നിർദേശിച്ചത്. സെപ്റ്റംബറിൽ ലബനാലിൽ വ്യാപകമായി നടന്ന ആക്രമണത്തിൽ, പേജറുകൾ പൊട്ടിത്തെറിച്ച് നാൽപതോളം പേർ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 30 മിനിറ്റിനകമാണ് ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ചത്. ഇസ്രായേൽ ട്രാക്ക് ചെയ്യാതിരിക്കാൻ ജി.പി.എസ് സംവിധാനം, മൈക്രോഫോൺ, ക്യാമറ എന്നിവയില്ലാത്ത പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്.
പേജർ ആക്രമണവുമായി ബന്ധപ്പെട്ട് ലബനാൻ, അന്താരാഷ്ട്ര തൊഴിൽ സംഘടനക്ക് പരാതി നൽകിയിട്ടുണ്ട്. മനുഷ്യകുലത്തിലും സാങ്കേതികവിദ്യക്കും തൊഴിലിനും എതിരെ ഇസ്രായേൽ യുദ്ധം നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു. ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാൻ ഇസ്രായേലിനു നേരെ ആക്രമണം നടത്തിയിരുന്നു. ഹൈപ്പർസോണിക് ഫത്താ മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്. എന്നാൽ ഇറാന്റെ മിസൈലുകളെ ഫലപ്രദമായി തടഞ്ഞെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.