ബന്ദിമോചനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയത് നെതന്യാഹുവിനെതിരായ പ്രതിഷേധം തണുപ്പിക്കാനെന്ന് റിപ്പോർട്ട്
text_fieldsതെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരായ പൊതുജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനാണ് ബന്ദിമോചനവുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങൾ അദ്ദേഹത്തിന്റെ അനുയായി ജർമ്മൻ പത്രത്തിന് ചോർത്തി നൽകിയതെന്ന് റിപ്പോർട്ട്. ഞായറാഴ്ച റിഷൻ ലെസിയോൺ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പുറത്ത് വന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ആഗസ്റ്റിൽ ആറ് ബന്ദികൾ മരിച്ചതിനെ തുടർന്നാണ് സെപ്തംബറിൽ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയത്.
നെതന്യാഹുവിന്റെ അനുയായി ആയ ഇലി ഫെൽഡെസ്റ്റയിനാണ് വിവരങ്ങൾ ചോർത്തിയത്. നെതന്യാഹുവിനെതിരായ പൊതുജനാഭിപ്രായം മാറ്റുന്നതിന് വേണ്ടിയായിരുന്നു ഇത്തരമൊരു നടപടി. ഇതിന്റെ ഭാഗമായി ബന്ദിമോചനത്തിനുള്ള തടസം ഹമാസ് മേധാവി സിൻവാറാണെന്ന് വരുത്താനുള്ള ശ്രമവും ഉണ്ടായി.
ഈ വർഷം ഏപ്രിലിലാണ് ഫെൽഡെസ്റ്റയിന് രഹസ്യവിവരങ്ങൾ ലഭിച്ചത്. ഇസ്രായേൽ പ്രതിരോധസേനയിലെ ഓഫീസറാണ് വിവരങ്ങൾ ചോർത്തി നൽകിയത്. ഇതാണ് സെപ്തംബറിൽ ജർമ്മൻ പത്രത്തിന് നൽകിയത്. രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി ബന്ദിമോചനം നെതന്യാഹു വൈകിപ്പിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് ചോർത്തൽ നടന്നതെന്നും കോടതി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വിവരങ്ങൾ ചോർത്തിയത് ഇസ്രായേലിന്റെ സുരക്ഷയെ ഉൾപ്പടെ ബാധിച്ചുവെന്നാണ് പ്രതിരോധസേനയുടെ തന്നെ വെളിപ്പെടുത്തൽ. ബന്ദികളെ പൂർണമായും മോചിപ്പിക്കുകയെന്ന യുദ്ധത്തിന്റെ ലക്ഷ്യത്തിനും ഇത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.