ബന്ദി മോചനത്തിന് പ്രതിഫലം പ്രഖ്യാപിച്ച് നെതന്യാഹു; ഓരോ ബന്ദിക്കും 50 ലക്ഷം ഡോളർ
text_fieldsതെൽ അവീവ്: ഒരു വർഷത്തിലേറെ നീണ്ട ആക്രമണങ്ങളിൽ ഗസ്സയെ ചാമ്പലാക്കിയിട്ടും 100ലേറെ ബന്ദികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വൻ പ്രതിഫല വാഗ്ദാനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. പുറത്തെത്തിക്കുന്ന ഓരോ ബന്ദിക്കും 50 ലക്ഷം ഡോളർ നൽകുമെന്നും ഹമാസ് നിയന്ത്രണത്തിൽനിന്ന് ഇവരെ മോചിപ്പിക്കാൻ സഹായിച്ചാൽ സുരക്ഷിതമായി ഫലസ്തീനിൽനിന്ന് പുറത്തുകടക്കാൻ അവസരമൊരുക്കുമെന്നുമാണ് ഫലസ്തീനികൾക്കുമുന്നിലെ പുതിയ ‘ഓഫർ’.
ചൊവ്വാഴ്ച ഗസ്സയിൽ സന്ദർശനത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. ഗസ്സയെ വടക്കും തെക്കുമായി മുറിച്ച് പുതുതായി നിർമിച്ച നെറ്റ്സാറിം ഇടനാഴിയിൽ നെതന്യാഹു സന്ദർശനം നടത്തി. ‘‘ഈ കുരുക്കിൽനിന്ന് പുറത്തുകടക്കണമെന്നുള്ളവരോടായി ഞാൻ പറയുന്നു; ഞങ്ങൾക്ക് ആരെങ്കിലും ഒരു ബന്ദിയെ എത്തിച്ചാൽ അയാൾക്കും കുടുംബത്തിനും സുരക്ഷിതമായി പുറത്തുകടക്കാം. ഓരോ ബന്ദിക്കും 50 ലക്ഷം ഡോളർ പ്രതിഫലവും നൽകും. നിങ്ങൾക്കു വേണേൽ ഇത് തിരഞ്ഞെടുക്കാം. എന്തായാലും ഫലം ഒന്നുതന്നെ- അവരെ ഞങ്ങൾ തിരികെയെത്തിക്കും’’- നെതന്യാഹുവിന്റെ വാക്കുകൾ. 101 ബന്ദികൾ ഹമാസ് പിടിയിലുണ്ടെന്നാണ് നിലവിലെ കണക്കുകൂട്ടൽ. ഇവരിൽ മൂന്നിലൊന്നുപേർ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.
അടുത്തിടെ, ഇസ്രായേലിൽ ബന്ദികളുടെ കുടുംബങ്ങൾ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഹമാസുമായി കരാറിലെത്തണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ, സൈനികമായി അവരെ തകർക്കലല്ലാത്ത ഒരു മാർഗവും നിലവിൽ പരിഗണിക്കുന്നില്ലെന്ന് നെതന്യാഹു പറയുന്നു. പലവട്ടം, വെടിനിർത്തൽ കരാറിനരികെയെത്തിയ ചർച്ചകൾ നെതന്യാഹു ബോധപൂർവം അട്ടിമറിക്കുകയായിരുന്നുവെന്ന് ഇസ്രായേലിൽ വ്യാപക വിമർശനമുണ്ട്. അധികാര നഷ്ട ഭീതിയാണ് പ്രധാന പ്രശ്നം. നിലവിൽ അഴിമതി അന്വേഷണം നേരിടുന്നതും നെതന്യാഹുവിനെ വേട്ടയാടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.