'യുദ്ധത്തിന്‍റെ ഉത്തരവാദി നെതന്യാഹു'; രൂക്ഷ വിമർശനവുമായി ഇസ്രായേലി പത്രം
text_fieldsതെൽ അവിവ്: ഇസ്രായേലും ഹമാസും തമ്മിലെ ഏറ്റുമുട്ടലിന്‍റെ പൂർണ ഉത്തരവാദി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണെന്ന കുറ്റപ്പെടുത്തലുമായി ഇസ്രായേലി ദിനപത്രം 'ഹാരെറ്റ്സ്'. ഫലസ്തീനികളുടെ അസ്തിത്വത്തെയും അവകാശങ്ങളെയും പരസ്യമായി അവഗണിക്കുന്ന ഒരു വിദേശനയമാണ് നെതന്യാഹു സ്വീകരിച്ചതെന്നും, ബോധപൂർവം രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണെന്ന കാര്യം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടെന്നും 'ഹാരെറ്റ്സ്' മുഖപ്രസംഗത്തിൽ പറയുന്നു.
തന്‍റെ വിശാലമായ രാഷ്ട്രീയ പരിചയസമ്പന്നതയിലും സുരക്ഷാ കാര്യങ്ങളിലെ അറിവിലും അഭിരമിക്കുന്ന നെതന്യാഹു, ബെസാലെൽ സ്മോട്രിച്ചിനെയും ഇറ്റാമർ ബെൻ-ഗ്വിറിനെയും പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുമ്പോൾ, കൂട്ടിച്ചേർക്കലും പിടിച്ചെടുക്കലും നയമാക്കിയ സർക്കാറിനെ സ്ഥാപിക്കുമ്പോൾ, ഫലസ്തീനികളുടെ അസ്തിത്വത്തെയും അവകാശങ്ങളെയും പരസ്യമായി അവഗണിക്കുമ്പോൾ ബോധപൂർവം രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണെന്ന കാര്യം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നെതന്യാഹു സൈന്യത്തിന്‍റെയും രഹസ്യാന്വേഷണ വിഭാഗത്തിന്‍റെയും തലയിലിടും.
നഫ്താലി ബെന്നറ്റിന്‍റെയും ജെയർ ലാപിഡിന്‍റെയും ഹ്രസ്വകാല സർക്കാർ സ്വീകരിച്ച, ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഫലസ്തീൻ ദേശീയ പ്രസ്ഥാനത്തിന്‍റെ ഇരുചിറകുകളും അരിയാനുള്ള നയവും രൂപപ്പെടുത്തിയത് നെതന്യാഹുവാണ്.
മുൻകാലങ്ങളിൽ യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും ഒഴിവാക്കിയ നേതാവെന്നാണ് നെതന്യാഹു സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, അവസാനത്തെ തെരഞ്ഞെടുപ്പ് വിജയത്തോടെ വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേർക്കാനും വംശീയ ഉന്മൂലനത്തിനും നേതൃത്വം നൽകി നയം പൂർണമായും വലതുപക്ഷത്തേക്ക് മാറി. അൽ അഖ്സ പള്ളിക്കരികെ ടെംപിൾ മൗണ്ടിന് സമീപം ജൂതസാന്നിധ്യം വർധിപ്പിച്ചതെല്ലാം ഇതിലുൾപ്പെടും. പ്രതീക്ഷിച്ചപോലെ തന്നെ ഇസ്രായേലി അധിനിവേശക്കാരുടെ ഭാരം ഫലസ്തീനികൾ അനുഭവിച്ച വെസ്റ്റ് ബാങ്കിൽ സംഘർഷങ്ങളുണ്ടായിത്തുടങ്ങി. ഈ സാഹചര്യത്തെ ആക്രമണത്തിനുള്ള അവസരമാക്കി ഹമാസ് മുതലെടുക്കുകയായിരുന്നു -മുഖപ്രസംഗത്തിൽ പറയുന്നു.
ഇസ്രായേലിന് മുകളിൽ എല്ലാറ്റിനുമുപരിയായി അപകടം പതിയിരിപ്പുണ്ട്. മൂന്ന് അഴിമതിക്കേസുകളിൽ കുറ്റാരോപിതനായ ഒരു പ്രധാനമന്ത്രിക്ക് ഭരണ കാര്യങ്ങൾ നോക്കാൻ കഴിയില്ല. ശിക്ഷയും ജയിൽവാസവും ഒഴിവാക്കുന്നതിന് ദേശീയതാൽപര്യത്തെ ഉപയോഗിക്കും -'ഹാരെറ്റ്സ്' മുഖപ്രസംഗത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.