തെൽഅവീവ് സംഘർഷം: എറിത്രിയൻ കുടിയേറ്റക്കാരെ നാടുകടത്തും -നെതന്യാഹു
text_fieldsതെൽഅവീവ്: തെൽഅവീവിലുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട എറിത്രിയൻ കുടിയേറ്റക്കാരെ ഉടൻ നാടുകടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
രാജ്യത്തെ എല്ലാ ആഫ്രിക്കൻ കുടിയേറ്റക്കാരെയും നീക്കംചെയ്യാനുള്ള പദ്ധതിക്ക് ഉത്തരവ് നൽകിയതായും അദ്ദേഹം പറഞ്ഞു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് തലസ്ഥാനമായ തെൽഅവീവിൽ സംഘർഷമുണ്ടായത്. വടക്കുകിഴക്കൻ ആഫ്രിക്കൻരാജ്യമായ എറിത്രിയയിലെ സർക്കാറിനെ അനുകൂലിക്കുന്നവർ നടത്തിയ പരിപാടിയിലേക്ക് സർക്കാർവിരുദ്ധ പ്രതിഷേധക്കാർ എത്തിയതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. പൊലീസ് ബാരിക്കേഡുകൾ മറികടന്ന പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങളും കാറുകളുടെ ചില്ലുകളും സമീപത്തെ കടകളുടെ ജനലുകളും തകർത്തു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. 30 പൊലീസുകാർ ഉൾപ്പെടെ നൂറിലധികം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്.
25,000 ആഫ്രിക്കൻ കുടിയേറ്റക്കാർ ഇസ്രായേലിലുള്ളതായാണ് കണക്ക്. ഭൂരിഭാഗവും സുഡാനിൽനിന്നും എറിത്രിയയിൽനിന്നുമുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.