ഫിലാഡൽഫി വിടാതെ നെതന്യാഹു; ചർച്ച വഴിമുട്ടുന്നു
text_fieldsഗസ്സ: ഗസ്സക്കും ഈജിപ്തിനുമിടയിലെ ഫിലാഡൽഫി ഇടനാഴി ഇസ്രായേൽ സൈനിക നിയന്ത്രണത്തിൽ തുടരുമെന്ന വാശിയിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉറച്ചുനിൽക്കുന്നത് വെടിനിർത്തലിന് പ്രധാന തടസ്സമാകുന്നു. ഫിലാഡൽഫി ഉൾപ്പെടെ മുഴുവൻ ഗസ്സയിൽനിന്നും പിൻവാങ്ങാൻ സൈനിക നേതൃത്വം തയാറാണെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈന്യത്തിന്റെ പരിശോധനയിൽ ഇവിടെ ഒറ്റ തുരങ്കംപോലും കണ്ടെത്താൻ കഴിഞ്ഞില്ല.
പൂർണമായ സൈനിക പിന്മാറ്റം കൂടാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് ഹമാസ് വ്യക്തമാക്കുന്നു. സൈനികനീക്കം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും സമയം തീർന്നുകൊണ്ടിരിക്കുകയാണെന്നും ഹമാസിന്റെ സൈനിക വക്താവ് അബൂ ഉബൈദ ബുധനാഴ്ച വിഡിയോയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഹമാസുമായി വെടിനിർത്തൽ കരാറിലെത്തി ബന്ദിമോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ആറു ബന്ദികളുടെ മൃതദേഹം കഴിഞ്ഞ ദിവസം ഗസ്സയിലെ തുരങ്കത്തിൽ കണ്ടെത്തിയതോടെയാണ് പ്രക്ഷോഭം രൂക്ഷമായത്.
വെസ്റ്റ്ബാങ്കിൽ കുരുതി തുടർന്ന് ഇസ്രായേൽ
ജെനിൻ (വെസ്റ്റ് ബാങ്ക്): ഗസ്സയിലെ സൈനികനീക്കം ലക്ഷ്യം കാണാതെ പതറുന്നതിനിടെ ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിൽ കൂട്ടക്കൊലയും അതിക്രമവും തുടരുന്നു. ആഗസ്റ്റ് 28ന് ആരംഭിച്ച വെസ്റ്റ് ബാങ്ക് ഓപറേഷനിൽ ഇതുവരെ 40 ഫലസ്തീനികളെ കൊലപ്പെടുത്തി. ജെനിൻ (21), തൂൽകറം (എട്ട്), തുബാസ് (എട്ട്), ഹെബ്രോൺ (മൂന്ന്) എന്നിങ്ങനെയാണ് ഒരാഴ്ചക്കിടെ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ. വ്യാഴാഴ്ച തുബാസിൽ 16കാരൻ ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തി. 16കാരന്റെ മൃതദേഹം ബുൾഡോസർ ഉപയോഗിച്ച് നിരക്കിനീക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സഹികെട്ട ഫലസ്തീനികൾ വെസ്റ്റ് ബാങ്കിലും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയുംചെയ്തു.
ജർമനിയിലെ ഇസ്രായേൽ കോൺസുലേറ്റിന് സമീപം ഒരാൾ വെടിയേറ്റ് മരിച്ചു
മ്യൂണിച്ച്: ജർമനിയിലെ ഇസ്രായേൽ കോൺസുലേറ്റിന് സമീപമുള്ള നാസി കാലഘട്ടത്തിലെ മ്യൂസിയത്തിന് സമീപം സംശയാസ്പദ സാഹചര്യത്തിൽ ഒരാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ കൈവശം തോക്കുണ്ടായിരുന്നു. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.