ലബനാനിലെ യു.എൻ. സമാധാന സേനാംഗങ്ങളെ മനപ്പൂർവ്വം ആക്രമിക്കുന്നില്ലെന്ന് നെതന്യാഹു
text_fieldsതെൽഅവീവ്: ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ (UNIFIL) അംഗങ്ങളെ ഇസ്രായേൽ സൈന്യം മനഃപൂർവം ലക്ഷ്യം വെച്ചെന്ന ആരോപണം തെറ്റാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ഹിസ്ബുല്ല ലക്ഷ്യങ്ങൾ ആക്രമിക്കുമ്പോൾ യു.എൻ സേനാംഗങ്ങളെ ആക്രമിക്കാതിരിക്കാൻ ഇസ്രായേലി പ്രതിരോധ സേന പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞദിവസം ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് യു.എൻ സേന അംഗങ്ങൾക്ക് പരിക്കേറ്റിരുന്നു.
ലബനാൻ-ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള യുദ്ധമേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം സേനാംഗങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു.
ഇസ്രായേലി നഗരങ്ങളെയും ജനങ്ങളെയും ആക്രമിക്കുമ്പോൾ ഹിസ്ബുല്ല ‘യുനിഫിൽ’ അംഗങ്ങളെ കവചം ആയി ഉപയോഗിക്കുകയാണ്. യു.എൻ ഉദ്യോഗസ്ഥർക്ക് സംഭവിച്ച അതിക്രമത്തിൽ തങ്ങൾ ഖേദിക്കുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
അതേസമയം, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് അയച്ച സന്ദേശത്തിൽ, യുണിഫിൽ അംഗങ്ങളെ പിൻവലിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. യു.എൻ താൽക്കാലിക സൈനികരെ നീക്കം ചെയ്യാനുള്ള നെതന്യാഹുവിന്റെ ആവശ്യത്തെ ലബനാൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അപലപിച്ചു. അതേസമയം യു.എൻ സുരക്ഷ സേനാംഗങ്ങൾക്കു നേരെയുണ്ടായ അതിക്രമത്തെ വിവിധ ലോകരാജ്യങ്ങൾ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.