ഹമാസിന്റെ വ്യാമോഹങ്ങളാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം -ബിന്യമിൻ നെതന്യാഹു
text_fieldsജറുസലേം: ഹമാസിന്റെ വ്യാമോഹങ്ങളാണ് ഇസ്രായേൽ-ഫലസ്തീൻ ചർച്ചകൾ വഴിമുട്ടാനുള്ള കാരണമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. അമേരിക്കയുടെ നിർദേശ പ്രകാരം പ്രശ്നം പരിഹരിക്കാനായി ഇസ്രായേൽ പ്രതിനിധികളെ അയച്ചിരുന്നു. ഇതുസംബന്ധിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
സന്ധി സംഭാഷണങ്ങളിൽ നിന്നും തങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധം അവസാനിപ്പിച്ച് ആയിരക്കണക്കിന് കൊലപാതികളെ വിട്ടയക്കണമെന്ന ഹമാസിന്റെ ആവശ്യം വ്യാമോഹം മാത്രമാണെന്ന് നെതന്യാഹു പറഞ്ഞു.
ചർച്ചയിൽ ഇസ്രായേലിന്റെ പ്രതിനിധികൾ പങ്കെടുക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്തു. പക്ഷേ ഇസ്രായേലിന്റെ നിലപാടിൽ നിന്നും മില്ലിമീറ്റർ അല്ല നാനോമീറ്റർ പോലും പിന്മാറില്ലെന്ന് ചർച്ചയിൽ അറിയിച്ചതായും നെതന്യാഹു പറഞ്ഞു.
ഇസ്രായേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വിശുദ്ധ മാസമായ റമദാനിലും ഗസ്സ മുനമ്പിൽ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു.
അടുത്തമാസം10നോ തൊട്ടടുത്ത ദിവസങ്ങളിലോ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദാനിലും യുദ്ധം തുടരുമെന്ന പ്രസ്താവന ഫലസ്തീൻ ജനതക്ക് കൂടുതൽ ദുരന്തങ്ങൾ വരുത്തിവെക്കുമെന്നാണ് ആശങ്ക. കടുത്ത ശുദ്ധജലക്ഷാമവും ഭക്ഷ്യ ദൗർലഭ്യവും നേരിടുന്ന ഗസ്സയിൽ ജനങ്ങൾ മരണ മുനമ്പിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യത്തിന് ഭക്ഷണവും അവശ്യ വസ്തുക്കളുമില്ലാത്ത ഗസ്സയിലെ ദയനീയ സ്ഥിതി വിശേഷം ഐക്യരാഷ്ട്ര സഭയും വെളിപ്പെടുത്തിയിരുന്നു.
ഇസ്രായേൽ ഈജിപ്തുമായും മറ്റ് രാജ്യങ്ങളുമായും സമ്പർക്കം പുലർത്തുകയും ഗസ്സയുടെ തെക്കേ അറ്റത്തുള്ള നഗരത്തിലേക്ക് ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് റാഫയിലെ താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്യുമെന്ന് ബെന്നി ഗാന്റസിനെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബന്ദികളെ തിരിച്ചയക്കുന്നതുവരെ ഒരു ദിവസം പോലും വെടിനിർത്തൽ ഉണ്ടാകില്ലെന്നും ഇസ്രായേൽ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.