വെടിനിർത്തൽ നിർദേശം തള്ളി നെതന്യാഹു; ലബനാനിൽ ആക്രമണം കടുപ്പിക്കാൻ സൈന്യത്തിന് നിർദേശം
text_fieldsബൈറൂത്: സംഘർഷത്തിന് നയതന്ത്ര പരിഹാരം കാണാൻ 21 ദിവസം വെടിനിർത്തണമെന്ന അമേരിക്കയുടെയും ഫ്രാൻസിന്റെയും നിർദേശം തള്ളിയ ഇസ്രായേൽ, ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഉൾപ്പെടെ ആക്രമണം കടുപ്പിച്ചു. ബൈറൂത്തിലെ അപ്പാർട്ട്മെന്റിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുറൂറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഹിസ്ബുല്ല ഇതിനോട് പ്രതികരിച്ചിട്ടില്ല. തെക്കൻ ബൈറൂത്തിലെ ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള അൽ മനാർ ടി.വി. സ്റ്റേഷനു നേരെയും ആക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു.
വെടിനിർത്തൽ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ്, എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടാൻ സൈന്യത്തിന് നിർദേശം നൽകി. കരയുദ്ധത്തിന് ഒരുങ്ങുകയാണെന്ന് ഇസ്രായേൽ ആവർത്തിച്ചതിന് പിന്നാലെയാണ് വെടിനിർത്തണമെന്ന് അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ സഖ്യകക്ഷികൾ ആവശ്യപ്പെട്ടത്. എന്നാൽ, വെടിനിർത്തലിനോട് ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല. ലബനാനിലെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മീഖാത്തി വെടിനിർത്തൽ നിർദേശം സ്വാഗതംചെയ്തു.
ബുധനാഴ്ച അർധരാത്രി താമസ സമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 23 സിറിയൻ തൊഴിലാളികൾ കൊല്ലപ്പെട്ടതായി ലബനാൻ നാഷനൽ ന്യൂസ് ഏജൻസി അറിയിച്ചു. നാലു സിറിയക്കാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ നഗരമായ ബാൽബെക്കിലായിരുന്നു ആക്രമണം. നാലുദിവസമായി തുടരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 620 ആയി. ലബനാനിന്റെ എല്ലാ മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ആക്രമണവും യുദ്ധഭീതിയും കാരണം നാലു ദിവസത്തിനിടെ 90,000 പേരാണ് പലായനം ചെയ്തത്. അതേസമയം, വടക്കൻ ഹൈഫയിലെ സൈനിക കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.
വ്യോമാക്രമണം തുടരുന്നതിനാൽ ലബനാനിലേക്ക് പോകരുതെന്ന് ചൈന പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ലബനാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇറ്റലി, ബെൽജിയം, യു.കെ, റഷ്യ, ഇന്ത്യ, ആസ്ത്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങൾ പൗരന്മാർക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. അതിനിടെ, വടക്കൻ ഗസ്സയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.