സ്വന്തം രാഷ്ട്രീയ ലാഭത്തിന് നെതന്യാഹു മേഖലയുടെ ഭാവി വെച്ച് ചൂതാടുന്നു -ഉർദുഗാൻ
text_fieldsദോഹ: ഗസ്സയിൽ വംശഹത്യ നടത്തുന്ന നെതന്യാഹു, പ്രദേശത്തിന്റെ മുഴുവൻ ഭാവി വെച്ച് ചൂതാട്ടം നടത്തുകയാണെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ദോഹയിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെതന്യാഹു സ്വന്തം രാഷ്ട്രീയ ഭാവിക്കായി പ്രദേശത്തിന്റെ മുഴുവൻ ഭാവി വെച്ച് ചൂതാട്ടം നടത്തുകയാണ്. സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്ന ഇസ്രായേൽ നടത്തുന്നത് യുദ്ധക്കുറ്റമാണ്. ഇതിന് അവർ ശിക്ഷിക്കപ്പെടണം. കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി 1967ൽ നിശ്ചയിച്ച അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നാണ് തുർക്കിയയുടെ നിലപാട്. മേഖലയിൽ സ്ഥിരമായ വെടിനിർത്തൽ പ്രാബല്യത്തിൽ വരണം. ഇതിന് മധ്യസ്ഥത വഹിക്കാൻ തുർക്കിയ തയ്യാറാണ് -ഉർദുഗാൻ വ്യക്തമാക്കി.
ഗസ്സയിൽ നടത്തിയ അതിക്രമങ്ങൾക്ക് ബിന്യമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര നീതിന്യായ കോടതി വിചാരണ ചെയ്യണമെന്ന് ഉർദുഗാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേൽ ജനത പോലും ഇനി നെതന്യാഹുവിനെ പിന്തുണക്കില്ല. ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണങ്ങൾ ഒരിക്കൽ കൂടി അവരുടേയും അവരെ പിന്തുണക്കുന്നവരുടേയും യഥാർഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്രായേൽ ഭരണാധികാരികൾ നടത്തിയ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും നടപടി സ്വീകരിക്കണമെന്നും ഉർദുഗാൻ പറഞ്ഞു.
ഇസ്രായേൽ നയങ്ങളെ അംഗീകരിക്കാൻ ഒരിക്കലും ഞങ്ങൾക്കാവില്ല. തുടർച്ചയായി അധിനിവേശം ചെയ്തും ഭൂമി പിടിച്ചെടുത്തും അടിച്ചമർത്തപ്പെട്ടവരെ കൂട്ടക്കൊല ചെയ്തും ഗസ്സയെ ജനവാസമില്ലാത്ത സ്ഥലമാക്കി മാറ്റുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്നും ഉർദുഗാൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.