ഹനിയ്യ കുടുംബത്തിന്റെ അറുകൊല: നെതന്യാഹുവും ഗാലന്റും അറിയാതെ? ലക്ഷ്യം വെടിനിർത്തൽ നീക്കം അട്ടിമറിക്കൽ?
text_fieldsഗസ്സ സിറ്റി: പെരുന്നാൾ ദിനത്തിൽ നമസ്കാരം കഴിഞ്ഞ് ഉറ്റവരെ കാണാൻ കാറിൽ പുറപ്പെട്ട ഏഴുപേരെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ബോംബുകൾ ഇല്ലാതാക്കുമ്പോൾ ലക്ഷ്യം തീർച്ചയായും വലിയതായിരുന്നു. ഹമാസും ഇസ്രായേലും തമ്മിലെ ചർച്ചകൾക്ക് നേരിട്ടും അല്ലാതെയും നേതൃത്വം നൽകുന്ന ഇസ്മാഈൽ ഹനിയ്യയുടെ മൂന്നു മക്കളെയും നാലു പേരമക്കളെയുമാണ് ഇസ്രായേൽ ബോംബറുകൾ വധിച്ചുകളഞ്ഞത്.
കൈറോയിൽ ഇപ്പോഴും തുടരുന്ന വെടിനിർത്തൽ ചർച്ചകൾ വിജയം കാണരുതെന്ന് ഇസ്രായേലിൽ ഒരു വിഭാഗം തീർച്ചയായും ആഗ്രഹിക്കുന്നു. ഹനിയ്യയെ പ്രകോപിപ്പിച്ചാൽ ഹമാസ് പിൻവലിയുമെന്നും അതുവഴി പിന്മാറ്റം അവരുടെ തലയിൽ വെച്ചുകെട്ടാമെന്നുമാണ് വലിയ നേട്ടം. അതിന് ഏറ്റവുമെളുപ്പമുള്ള വഴിയെന്ന നിലക്കാണ് പെരുന്നാൾ ദിനം തിരഞ്ഞുപിടിച്ച് ഹനിയ്യയുടെ ഏറ്റവും പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയത്. 61കാരന്റെ മൂന്നു മക്കൾ ഹമാസുകാരാണെന്ന് ഇസ്രായേൽ ആരോപിക്കുന്നുണ്ടെങ്കിലും ഏതുതരത്തിൽ അവർ സംഘടനക്കുവേണ്ടി പ്രവർത്തിച്ചുവെന്നതിന് ഉത്തരമില്ല. നാലു പിഞ്ചു മക്കളുടെ ജീവനെടുത്തതിനെ കുറിച്ച് മിണ്ടുന്നുമില്ല.
ഹനിയ്യയുടെ മക്കളെ ആക്രമിച്ചത് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാലന്റുമടക്കം പ്രമുഖർ അറിയാതെയാണെന്നും രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെതിന്റെ ആസൂത്രണമായിരുന്നെന്നും ചില ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, റഫയിലെ ആക്രമണത്തിന് തീയതി കുറിച്ചുകഴിഞ്ഞെന്ന് കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ച നെതന്യാഹുവിനെ അറിയിക്കാതെ ഇത് നടത്തേണ്ടതില്ലെന്ന് പകൽപോലെ വ്യക്തം.
പെരുന്നാൾ ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും സിവിലിയൻ കേന്ദ്രങ്ങളിൽ വൻ കുരുതിയാണ് ഇസ്രായേൽ നടത്തിയത്. നുസൈറാത്ത്, അൽശാത്തി അഭയാർഥി ക്യാമ്പുകളിൽ നിരവധി പേരെ വധിച്ച ഇസ്രായേൽ ബോംബറുകൾ ഏറ്റവും കൂടുതൽ പേർ വസിക്കുന്ന റഫയിലും വ്യാപക ബോംബിങ്ങാണ് നടത്തിയത്. വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളുടെ മടക്കം ഇനി ഒരിക്കലും അംഗീകരിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്.
ഇതിന്റെ ഭാഗമായി ഭക്ഷ്യസഹായ ട്രക്കുകൾ വടക്കൻ ഗസ്സയിലേക്ക് അനുവദിക്കുന്നുമില്ല. അവിടെയാകട്ടെ, ലക്ഷങ്ങൾ കൊടും പട്ടിണിയിൽ കഴിയുന്നു. ബന്ദികളുടെ മോചനം, ഫലസ്തീനികളെ വിട്ടയക്കൽ തുടങ്ങിയ വിഷയങ്ങളിലും തീരുമാനങ്ങളാകേണ്ടതുണ്ട്. മധ്യസ്ഥ ചർച്ചകൾ തിരക്കിട്ട് നടക്കുന്നതിനിടെ ഹമാസ് നേതാവിനെതിരെ ആക്രമണം നടത്തി പ്രകോപിപ്പിച്ചാൽ അമേരിക്കയും ജർമനിയുമടക്കം വെറുതെ നൽകുന്ന ആയുധങ്ങളുമായി നിർബാധം കുരുതി തുടരാമെന്ന് ചിലർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.