ഇസ്രായേൽ സേന സിറിയ വിടില്ലെന്ന് നെതന്യാഹു
text_fieldsജറൂസലം: സിറിയൻ അതിർത്തി കടന്ന് ഇസ്രായേൽ സേന കൈയേറിയ ബഫർ സോണിൽ സൈനിക സാന്നിധ്യം തുടരുമെന്ന് ബിന്യമിൻ നെതന്യാഹു. അതിർത്തിയിൽനിന്ന് 10 കിലോമീറ്റർ ദൂരെ പുതുതായി പിടിച്ചടക്കിയ ഹെർമോൺ മലനിരകളിലെത്തിയാണ് നെതന്യാഹു പ്രഖ്യാപനം നടത്തിയത്. ആദ്യമായാണ് അയൽരാജ്യത്തിന്റെ അനുമതിയില്ലാതെ ഒരു ഇസ്രായേൽ പ്രധാനമന്ത്രി സിറിയൻ മണ്ണിലെത്തി അവകാശവാദമുന്നയിക്കുന്നത്. സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് നാടുവിട്ട അതേ ദിനത്തിലാണ് സിറിയൻ അതിർത്തി കടന്ന് 400 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇസ്രായേൽ കൈയേറിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. 1974ലെ വെടിനിർത്തൽ കരാർ ലംഘിച്ചുള്ള കടന്നുകയറ്റമാണിതെന്ന പ്രതിഷേധങ്ങൾ അവഗണിച്ചാണ് നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനം.
മേഖലയിൽ അതിവേഗം സാന്നിധ്യം ശക്തമാക്കിയും സുരക്ഷയൊരുക്കിയും സൈനിക വിന്യാസം നിലനിർത്താൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാന്റ്സ് നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം, ഇവിടങ്ങളിലെ നാട്ടുകാരെ തൽക്കാലം പുറത്താക്കില്ലെന്നാണ് സൂചന.
നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനത്തെക്കുറിച്ച് സിറിയയിലെ പ്രതിപക്ഷ സഖ്യമായ ഹയ്അതു തഹ്രീരിശ്ശാം (എച്ച്.ടി.എസ്) പ്രതികരിച്ചിട്ടില്ല. ഇസ്രായേലിനെതിരായ ആക്രമണത്തിന് തങ്ങളുടെ രാജ്യം ഇടത്താവളമാക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ എച്ച്.ടി.എസ് മേധാവി ജൂലാനി അറിയിച്ചിരുന്നു. സിറിയയിലെ പുതിയ ഭരണകൂടവുമായി വിവിധ രാജ്യങ്ങൾ നയതന്ത്രബന്ധം സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. ഡമസ്കസിലെ ഖത്തർ എംബസി ചൊവ്വാഴ്ച തുറന്നു. സിറിയയിലെ ഡമസ്കസ് വിമാനത്താവളത്തിൽനിന്ന് സർവിസ് പുനരാരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.