ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് നെതന്യാഹു
text_fieldsതെൽ അവീവ്: ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സുരക്ഷാ മന്ത്രിസഭ യോഗത്തിന് ശേഷമാണ് ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാറിന് രൂപം നൽകിയ കാര്യം നെതന്യാഹു പ്രഖ്യാപിച്ചത്. കരാറിന്റെ രൂപരേഖ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചതായും നെതന്യാഹു പറഞ്ഞു.
യുദ്ധത്തിന്റെ മേഖല മാറ്റുകയാണെന്നും ഇറാന്റെ ഭീഷണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇസ്രായേലിന് കഴിയുമെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ല വെടിനിർത്തൽ ലംഘിച്ചാൽ ഇസ്രായേൽ പ്രതികരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റേയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെയും നേതൃത്വത്തിൽ വെടിനിർത്തലിൽ തീരുമാനമുണ്ടാകുമെന്നാണ് ലബനാൻ അറിയിച്ചത്. വെടിനിർത്തൽ കരാറിന്റെ അടുത്തെത്തിയെന്ന് യു.എസ് ദേശീയ സുരക്ഷവക്താവ് ജോൺ കിർബി പറഞ്ഞിരുന്നു.
വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന. രണ്ടുമാസം മുമ്പ് ലബനാനിൽ അധിനിവേശം നടത്തിയ ഇസ്രായേൽ സൈന്യം ഘട്ടംഘട്ടമായി പിൻവാങ്ങും. ഇസ്രായേൽ അതിർത്തിയോട് ചേർന്നൊഴുകുന്ന ലിറ്റാനി നദിക്കരയിലെ ഹിസ്ബുല്ല സാന്നിധ്യവും അവസാനിപ്പിക്കും. 60 ദിവസത്തേക്കാകും വെടിനിർത്തൽ. ഇതോടെ ലബനാനിൽ ഹിസ്ബുല്ലയുമായി ഒരു വർഷമായി നടക്കുന്ന യുദ്ധത്തിൽ താൽക്കാലിക ഇടവേളയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു വർഷത്തിനിടെ ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ 3,700 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അധ്യക്ഷൻ ഹസൻ നസ്റുല്ല അടക്കം ഹിസ്ബുല്ല നേതാക്കളിലേറെയും വധിക്കപ്പെട്ടു. അതേസമയം, ഹിസ്ബുല്ലയുമായി യുദ്ധത്തിന്റെ പൂർണ അന്ത്യമല്ല ഇതെന്നും ഇസ്രായേൽ പറയുന്നു.
ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തെ തുടർന്ന് ലബനാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ വൻതോതിൽ ആളുകളെ ഒഴിപ്പിച്ചിരുന്നു. ഏകദേശം 60,000 പേരെ ഇത്തരത്തിൽ ഒഴിപ്പിച്ചുവെന്നാണ് കണക്കുകൾ. ഇസ്രായേൽ ലബനാനിൽ നടത്തിയ ആക്രമണങ്ങളിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിൽ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. ലബനാന്റെ തെക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് വ്യാപക ആക്രമണം. കിഴക്കൻ ലബനാൻ ഗവർണറേറ്റായ ബഅലബക്-ഹെർമെലിൽ നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇതിൽ എട്ടു പേർ നബി ചിറ്റിലെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റിനുനേരെ നടന്ന ആക്രമണത്തിലും മൂന്നുപേർ ഹെർമലിലുമാണ് കൊല്ലപ്പെട്ടത്. കിഴക്കൻ ലബനാനിൽ ഇതുൾപ്പെടെ മൊത്തം 25 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. മാരിക് ഗ്രാമത്തിൽ മൂന്നുപേരും ഐൻ ബാലിൽ രണ്ടും ഗാസിയേഹിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്. ടയറിൽ നടന്ന വ്യോമാക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു. ലബനാൻ- സിറിയ അതിർത്തിയിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.