അഴിമതിക്കേസിൽ സാക്ഷി വിസ്താരത്തിന് നെതന്യാഹു ഇന്നു കോടതിയിലേക്ക്
text_fieldsജറൂസലം: അഴിമതിക്കേസിൽ വിചാരണ നേരിടുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ചൊവ്വാഴ്ച ആദ്യമായി സാക്ഷി വിസ്താരത്തിന് കോടതിയിൽ ഹാജരാകും. ഗസ്സ ആക്രമണത്തിന്റെ പേരിൽ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റ് നേരിടുന്നതിനിടെയാണ് അഴിമതി കേസിൽ നെതന്യാഹു മൂന്നംഗ ബെഞ്ചിന് മുമ്പാകെ ഹാജരാകുന്നത്. ഇതാദ്യമായാണ് ഇസ്രായേൽ പ്രധാനമന്ത്രി ക്രിമിനിൽ കേസിൽ പ്രതിയാകുന്നത്. ഗസ്സ ആക്രമണവും സുരക്ഷ ഭീഷണിയും ചൂണ്ടിക്കാട്ടി നെതന്യാഹു പല തവണ മാറ്റിവെക്കാൻ ശ്രമിച്ച വിചാരണയാണ് തെൽ അവീവിലെ ഭൂഗർഭ അറയിൽ ചൊവ്വാഴ്ച പുനരാരംഭിക്കുക. ഔദ്യോഗിക രഹസ്യങ്ങളും രേഖകളും ചോർന്നതുമായി ബന്ധപ്പെട്ട് സ്വന്തം ഉപദേശകർ വിവിധ കേസുകളിൽപെട്ടതിന് പിന്നാലെയാണ് നെതന്യാഹു കോടതി കയറുന്നത്.
അനുകൂല വാർത്തകൾ നൽകാൻ മാധ്യമ മുതലാളികൾക്ക് കൈക്കൂലി നൽകി, പണം വാങ്ങി ശതകോടീശ്വരനായ ഹോളിവുഡ് നിർമാതാവ് അർനോൻ മിൽചന് ആനുകൂല്യങ്ങൾ നൽകി തുടങ്ങിയ മൂന്ന് കേസുകളാണ് നെതന്യാഹുവിന്റെ പേരിലുള്ളത്. 140 സാക്ഷികളുള്ള കേസിന്റെ വിചാരണ 2020ലാണ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.