ഹമാസിന്റെ വെടിനിർത്തൽ ചർച്ചക്ക് പ്രതിനിധികളെ അയക്കുമെന്ന് നെതന്യാഹു
text_fieldsതെൽഅവീവ്: ഹമാസ് മുന്നോട്ടുവെച്ച വെടിനിർത്തൽ -ബന്ദിമോചന നിർദേശം തങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മധ്യസ്ഥ ചർച്ചക്ക് പ്രതിനിധികളെ അയക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. മധ്യസ്ഥ ചർച്ചകൾക്ക് ഈജിപ്തിനെയും ഖത്തറിനെയും തുർക്കിയയെയുമാണ് ഹമാസ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എവിടെ വെച്ചാണ് അടുത്ത ചർച്ച എന്നത് ഇതുവരെ വ്യക്തമല്ല. ഖത്തറും ഈജിപ്തും മധ്യസ്ഥരായ ചർച്ചകൾ നേരത്തെ ദോഹയിലും കെയ്‌റോയിലുമാണ് നടന്നത്.
ബന്ദികളെ വിട്ടയക്കുകയും ഗസ്സയിൽനിന്ന് ഇസ്രായേൽ സേന പൂർണമായും പിൻവാങ്ങുകയുമാണ് പ്രധാന നിർദേശങ്ങൾ. ഈ നിർദേശത്തിന് യു.എസിന്റെയും മറ്റ് പാശ്ചാത്യൻ രാജ്യങ്ങളുടെയും പിന്തുണയുണ്ട്. മന്ത്രിസഭാ യോഗം ചേർന്ന് നിർദേശം ഇസ്രായേൽ ചർച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബന്ദികളെ വിട്ടയക്കണമെങ്കിൽ തടവുകാരെ മുഴുവൻ മോചിപ്പിക്കണമെന്ന ഹമാസ് തുടക്കം മുതൽ മുന്നോട്ടുവെക്കുന്ന നിബന്ധനയിൽനിന്ന് അവർ പിന്നോട്ട് പോയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.
യുദ്ധം അവസാനിപ്പിക്കുകയും ഗസ്സയിൽ നിന്ന് ഇസ്രായേൽ പൂർണമായി പിൻവാങ്ങുകയും ചെയ്താലേ കരാറുമായി മുന്നോട്ടുപോകൂ എന്ന് ഹമാസ് പ്രതിനിധി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, യുദ്ധം താത്കാലികമായി മാത്രമേ നിർത്തിവെക്കൂ എന്നും ഹമാസിനെ ഉന്മൂലനം ചെയ്താൽ മാത്രമേ പൂർണമായി നിർത്തുകയുള്ളൂ എന്നുമാണ് ഇസ്രായേൽ പറയുന്നത്.
ഫലസ്തീൻ ജനതക്കെതിരായ ആക്രമണം തടയുകയെന്ന ലക്ഷ്യത്തോടെ മധ്യസ്ഥർ മുഖേന ചില നിർദേശങ്ങൾ കൈമാറിയതായി ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ മാസമാണ് ഹമാസ് പുതിയ വെടിനിർത്തൽ നിർദേശം തയാറാക്കിയത്. എന്നാൽ, പ്രാവർത്തികമല്ലെന്ന് ചൂണ്ടിക്കാട്ടി പല നിർദേശങ്ങളും യു.എസ് ഒഴിവാക്കിയിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 38,000 കവിഞ്ഞതോടെ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഇസ്രായേലിനും ഹമാസിനും മേൽ അന്താരാഷ്ട്ര സമ്മർദം ശക്തമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യത്യസ്ത ആക്രമണങ്ങളിൽ 58 പേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.