ഇസ്രാേയലിൽ നെതന്യാഹു യുഗം അവസാനിക്കുന്നു? പ്രതിപക്ഷ സർക്കാർ നീക്കം വിജയത്തിലേക്ക്
text_fieldsടെൽ അവീവ്: ഇസ്രായേലിൽ ഒരു പതിറ്റാണ്ടിലേറെ നീണ്ട ബിൻയമിൻ നെതന്യാഹു ഭരണത്തിന് അന്ത്യമാകുന്നു. മുൻ പ്രതിരോധ വകുപ്പ് മേധാവി നാഫ്റ്റലി ബെനറ്റ് നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ 'യമീന', പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നെതന്യാഹുവിന് പ്രതീക്ഷകൾക്ക് മങ്ങലേറ്റത്.
ജൂൺ രണ്ടിനകം സർക്കാർ രൂപവത്കരിക്കാൻ പ്രതിപക്ഷ നേതാവ് യായിർ ലാപിഡിനെ നേരത്തെ പ്രസിഡന്‍റ് ക്ഷണിച്ചിരുന്നു. സഖ്യ സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ വോട്ടു സമാഹരിക്കുന്നതിൽ നേരത്തെ വിജയിക്കുെമന്ന് തോന്നിച്ചിരുന്നുവെങ്കിലും ഗസ്സ ആക്രമണത്തോടെ അറബ് കക്ഷി പിൻവാങ്ങിയത് തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് ടെലിവിഷൻ പ്രഭാഷണത്തിൽ ലാപിഡിനൊപ്പം സർക്കാറുണ്ടാക്കുമെന്ന് ബെനറ്റ് പ്രഖ്യാപനം നടത്തിയത്. ബെനറ്റിന്‍റെ യമീന പാർട്ടിക്ക് ആറു സീറ്റുണ്ട്. അതുകൂടിയായാൽ 120 അംഗ സഭയിൽ ലാപിഡിന്‍റെ യെഷ് അതീദ് പാർട്ടിക്ക് ഭരണം പിടിക്കാം.
കരാർ പ്രകാരം ആദ്യം പ്രധാനമന്ത്രിയായി ബെനറ്റ് തന്നെയെത്തും. നിശ്ചിത കാലയളവു കഴിഞ്ഞാൽ ലാപിഡിന് കൈമാറും. ബെനറ്റ് നടത്തിയത് നൂറ്റാണ്ടിന്‍റെ ചതിയാണെന്ന് പ്രധാനമന്ത്രി നെതന്യാഹു കുറ്റെപ്പടുത്തി. ഇസ്രായേലിന്‍റെ സുരക്ഷക്കും ഭാവിക്കും ഈ സഖ്യം ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
2019 ഏപ്രിൽ മുതൽ നാലു തെരഞ്ഞെടുപ്പ് കണ്ട ഇസ്രായേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന് തോന്നിച്ചിരുന്നു. എന്നാൽ, ബെനറ്റ് കൂടി എത്തുന്നതോടെ ഐക്യ സർക്കാർ സാക്ഷാത്കരിക്കപ്പെടും. ഇസ്രായേൽ ആക്രമണം ആരംഭിച്ച തുടക്കത്തിലേ ലാപിഡ്- ബെനറ്റ് ചർച്ചകൾ സജീവമായിരുന്നു.
അതേ സമയം, പ്രതിപക്ഷം രൂപവത്കരിക്കുന്ന സർക്കാർ മുന്നോട്ടുപോകാൻ അറബ് കക്ഷിയുടെ കൂടി പിന്തുണ വേണ്ടിവരും. ബെനറ്റിന്‍റെ പല നയങ്ങളോടും അവർ കടുത്ത പ്രതിഷേധം പുലർത്തുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.