നെറ്റ്ഫ്ലിക്സിനെതിരെ 170 ദശലക്ഷം ഡോളറിന്റെ അപകീർത്തി കേസുമായി യുവതി
text_fieldsകാലിഫോർണിയ: നെറ്റ്ഫ്ലിക്സിനെതിരെ വൻ തുകക്കുള്ള നഷ്ട പരിഹാര കേസ് ഫയൽ ചെയ്ത് സ്കോട്ടിഷ് യുവതി. നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത ‘ബേബി റെയ്ൻഡീർ’ എന്ന ഹിറ്റ് ഷോ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചാണ് ഫിയോണ ഹാർവി 14,199,580,820 ഇന്ത്യൻ രൂപക്ക് തുല്യമായ കേസ് നൽകിയിരിക്കുന്നത്.
കൊമേഡിയൻ റിച്ചാർഡ് ഗാഡ് അവതരിപ്പിക്കുന്ന ഷോയിൽ പ്രസ്തുത ഉള്ളടക്കം പരിശോധിച്ച് ഉറപ്പു വരുത്താനുള്ള ഒരു ശ്രമവും നടന്നില്ലെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ലോകത്തുടനീളമുള്ള കാഴ്ചക്കാരിലേക്ക് ഷോ സംപ്രേഷണം ചെയ്തത്. ഹാർവിയാണ് ഈ കഥയുടെ യഥാർഥ പ്രചോദകയെന്ന് റിലീസ് ചെയ്ത് ദിവസങ്ങൾക്കകം നെറ്റിസൺസ് തിരിച്ചറിഞ്ഞിരുന്നു.
നെറ്റ്ഫ്ലിക്സും ഗാഡും ക്രൂരമായ കള്ളം പറഞ്ഞ് തന്റെ വിശ്വാസ്യത തകർത്തു കളഞ്ഞതായി ഹാർവി പരാതിയിൽ പറയുന്നു. ഷോയിൽ തന്നെ കുറ്റവാളിയായി ചിത്രീകരിച്ചതായും അവർ ആരോപിക്കുന്നു. ഷോ പുറത്തുവന്നതിനുശേഷം തനിക്ക് വധഭീഷണികൾ വന്നതായും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതായെന്നും വിഷാദവും പാനിക് അറ്റാക്കും മൂലം ഏറെ പ്രയാസമനുഭവിച്ചതായും അവർ പറയുന്നു.
മാനഹാനി, അനാസ്ഥ, വൈകാരിക പ്രതിസന്ധി തുടങ്ങിയവ വരുത്തിവെച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടികളും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ വിഷയത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് നെറ്റ്ഫ്ലിക്സിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.