'പ്രസിഡന്‍റ് രാജ്യം വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല'- മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ
text_fieldsകൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോടബയ രാജപക്സെ രാജ്യം വിടുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികൾക്കും കനത്ത പ്രതിഷേധങ്ങൾക്കുമിടയിൽ രാജ്യം വിട്ട പ്രസിഡന്‍റിന്‍റെ നീക്കത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'രാജപക്സ രാജിവെച്ച ശേഷം രാജ്യത്ത് തുടരുമെന്നാണ് കരുതിയത്. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'- ജയസൂര്യ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ധനം, വൈദ്യുതി തുടങ്ങി അവശ്യ സാധനങ്ങളുടെ ക്ഷാമം ആളുകളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. മാസങ്ങളോളം ജനങ്ങൾ ഈ സമ്മർദ്ദം സഹിച്ചെങ്കിലും പിന്നീട് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കയറ്റത്തിൽ ആളുകൾ പൊറുതിമുട്ടിയതോടെ പ്രസിഡന്‍റ് രാജി വെക്കണമെന്ന ആവശ്യം ഉയർന്നു. ഇതിന്‍റെ ഭാഗമായി പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ വസതിയിൽ അതിക്രമിച്ച് കയറിയത് അദ്ദേഹത്തെ രാജ്യം വിടാൻ പ്രേരിപ്പിച്ചു.
പുതുതായി സ്ഥിരതയുള്ള ഒരു സർക്കാർ രൂപീകരിക്കേണ്ടത് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വമാണ്. രാജ്യം സ്ഥിരതയുള്ളതാണെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യമായാൽ മാത്രമേ ശ്രീലങ്കയെ സഹായിക്കാൻ അവർക്ക് താൽപ്പര്യമുണ്ടാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇന്ത്യ മാത്രമാണ് സഹായം നൽകിയതെന്നും എന്നിട്ടും അതിന് സാധിച്ചില്ലെന്നും ജയസൂര്യ പറഞ്ഞു.
പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ശ്രീലങ്കയിൽ ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗോടബയ രാജപക്സെ രാജ്യം വിട്ട് മണിക്കൂറുകൾക്ക് ശേഷം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.