ആശങ്കയായി കോവിഡിന്‍റെ പുതിയ വകഭേദം 'ഇഹു'; ഒമിക്രോണിനേക്കാൾ വ്യാപനശേഷി
text_fieldsപാരിസ്: കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനത്തിൽ ലോകം ആശങ്ക പൂണ്ടിരിക്കെ ഏറ്റവും പുതിയ വകഭേദമായ ഇഹു ഫ്രാൻസിൽ സ്ഥിരീകരിച്ചു. ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അടുത്തിടപഴകിയവരിലേക്ക് കൂടി രോഗം വ്യാപിക്കുകയായിരുന്നെന്നാണ് കണ്ടെത്തൽ. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാൾ രോഗവ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തൽ.
ഇഹു(ഐ.എച്ച്.യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് 'ഇഹു' എന്ന് പേരിട്ടത്. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയിൽ കണ്ടെത്തിയ ഈ വകഭേദത്തിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. പലതവണ വ്യതിയാനം സംഭവിച്ചതിനാൽ ഈ വൈറസിന് വാക്സിനുകളിൽ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്.
'ഇഹു' വകഭേദം മരണസംഖ്യ കൂട്ടുമോ എന്നുള്ള ഗവേഷണം പുരോഗമിക്കുകയാണ്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് വരെ പുതിയ രോഗകാരി ഇഹു എന്ന പേരിലായിരിക്കും അറിയപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.