തുർക്കിയ-സിറിയ അതിർത്തി മേഖലയിൽ വീണ്ടും ഭൂചലനം; മൂന്നു മരണം, 200ലേറെ പേർക്ക് പരിക്ക്
text_fieldsഅങ്കാറ: ആഴ്ചകൾക്കുമുമ്പ് ഭൂകമ്പം സംഹാരതാണ്ഡവമാടിയ തുർക്കിയയിൽ തിങ്കളാഴ്ച വീണ്ടുമുണ്ടായ ഭൂചനം നാടിനെ നടുക്കി. 6.4 തീവ്രതയുള്ള ഭൂചലനം തുർക്കിയ-സിറിയ അതിർത്തി മേഖലയായ ഹതായ് പ്രവിശ്യയിലാണുണ്ടായത്. ഭൂമിയുടെ രണ്ടു കിലോമീറ്റർ അടിത്തട്ടിലാണ് കുലുക്കമുണ്ടായതെന്ന് ‘യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ’ അറിയിച്ചു. രണ്ടു ഭൂചലനങ്ങളിലായി മൂന്നു പേർ മരിച്ചെന്നും 213പേർക്ക് പരിക്കുപറ്റിയെന്നും തുർക്കിയ ആഭ്യന്തര മന്ത്രി സുലൈമാൻ സൊയ്‍ലു പറഞ്ഞു.
ഡെഫ്നെ നഗരത്തിൽ പ്രാദേശിക സമയം രാത്രി എട്ടുമണിക്കാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. തുടർന്ന് ദക്ഷിണ മേഖലയിലെ അന്റാക്യ, അഡാന പട്ടണങ്ങളിലും അനുഭവപ്പെട്ടു. സിറിയ, ജോർഡൻ, ഇസ്രായേൽ, ഈജിപ്ത് എന്നിവിടങ്ങളിലും ചെറിയതോതിൽ കുലുക്കം അനുഭവപ്പെട്ടതായാണ് വിവരം.
തുർക്കിയയെയും സിറിയയെയും തകർത്തെറിഞ്ഞ ഫെബ്രുവരി ആറിലെ ഭൂകമ്പത്തിൽ 41,000 പേരുടെ ജീവനാണ് പൊലിഞ്ഞത്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് ആളുകൾക്ക് വീടു നഷ്ടപ്പെട്ടു. തുർക്കിയയിലെ 11 പ്രവിശ്യകളിലുള്ളവർക്ക് ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.