വംശീയ അധിക്ഷേപമേറ്റ് കറുത്ത വംശജനായ ഫ്രാൻസ് വിദ്യാഭ്യാസ മന്ത്രി
text_fieldsപാരിസ്: ഫ്രാൻസിൽ വിദ്യാഭ്യാസ മന്ത്രിയായി സ്ഥാനമേറ്റ കറുത്ത വംശജനായ പാപ്പ് എൻഡിയേക്ക് തീവ്രവലതുപക്ഷക്കാരിൽ നിന്നും വംശീയ അധിക്ഷേപം.
2022 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയായ എറിക്ക് സെമ്യുവ പറഞ്ഞത് എൻഡിയെക്ക് സ്ഥാനം നൽകുന്നത് രാജ്യത്തിനും ഫ്രഞ്ച് കുട്ടികളുടെ ഭാവിക്കും ദോഷമാണെന്നാണ്."കറുത്ത വർഗക്കാർ ഇരകളാണെന്നും വെള്ളക്കാർ തെറ്റു ചെയ്യുന്നുവെന്നും ഇയാൾ ഫ്രഞ്ച് ജനതയെ പഠിപ്പിക്കും. ഫ്രാൻസിന്റെ ചരിത്രം തന്നെ തദ്ദേശീയത, വോക് പ്രത്യയശാസ്ത്രം, ഇസ്ലാമോ - ലെഫ്ടിസം എന്നിവയുടെ അടിസ്ഥാനത്തിൽ മാറ്റിയെഴുതും," സെമുവ മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന മരിൻ ലെ പെന്നും പദവിയിലേക്കുള്ള എൻഡിയെയുടെ വരവിനെ അധിക്ഷേപിച്ചു. "ദേശീയതയും വംശീയതയും വോക്കിസവും അനുകൂലിക്കുന്ന വിദ്യാഭ്യാസ മന്ത്രി രാജ്യത്തിൻറെ ഭാവിക്ക് നല്ലതല്ല" എന്നാണ് പെൻ പറഞ്ഞത്.
പാപ്പ് എൻഡിയെ പാരിസിലെ സയൻസസ് പോ യൂനിവേഴ്സിറ്റിയിലെ അധ്യാപകനും ഫ്രാൻസ് മ്യൂസിയം ഓഫ് ഇമിഗ്രേഷന്‍റെ തലവനും ആണ്. വംശം, കുടിയേറ്റം, കൊളോണിയലിസം, ഫ്രാൻസിലെയും യു. എസിലെയും ആഫ്രിക്കൻ ഡയസ്പോറ എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധ്യം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അച്ഛൻ സിനഗൾ സ്വദേശിയും അമ്മ ഫ്രാൻസിൽ നിന്നുമാണ്.
ഫ്രാൻസിൽ നിലനിൽക്കുന്ന വംശീയ വിദ്വേഷങ്ങൾക്കെതിരെയുള്ള എൻഡിയെയുടെ ചുവടുവെപ്പുകൾ കോളിളക്കങ്ങൾ സൃഷ്ടിച്ചതാണ്. ഇപ്പോൾ അദ്ദേഹത്തിനെതിരെ വരുന്ന വിദ്വേഷങ്ങൾക്ക് ഇതും ഒരു കാരണമാണ്.
മന്ത്രിയായി ചുമതല ഏറ്റെടുക്കുമ്പോൾ താൻ "റിപ്പബ്ലിക്കൻ മെറിറ്റോക്രസിയുടെ ഉത്പന്ന"മാണെന്നും "ഫ്രാൻസ് യുവത്വത്തോട് ഏറെ ഉത്തരവാദിത്വം പുലർത്തേണ്ട പദവിയാണ് ഏറ്റെടുത്തിരിക്കുന്ന"തെന്നും എൻഡിയെ പറഞ്ഞു.
ഫ്രാൻസിൽ വ്യാപകമായ വംശീയ അധിക്ഷേപങ്ങൾ നടക്കാറുണ്ടെങ്കിലും അധികാരികൾ ഇത് ചൂണ്ടിക്കാട്ടാറില്ല. യു.എസിൽ നിന്ന് ഉണ്ടായ സ്വാധീനമായി കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്.
എൻഡിയയെ നിയമിച്ചതിനെ കുറിച്ച് ഫ്രാൻസ് പ്രധാനമന്ത്രി എലിസബത്ത് ബോൺ നോർമാൻഡിയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞത് ഈ തീരുമാനം എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പിക്കുവാനും മികവ് നിലനിർത്തുന്നതിന് വേണ്ടിയും ആണെന്നാണ്. അദ്ദേഹം ഇത് പൂർണമായും വിജയകരമാക്കുമെന്നതിൽ സംശയമില്ല എന്നും ബോൺ പറഞ്ഞു. ബോണിൻറെ മന്ത്രിസഭയിൽ 28 അംഗങ്ങളിൽ 15 പേർ വീണ്ടും നിയമിതരായവരാണ്. 8 സ്ത്രീകളടക്കം 13 പേർ പുതിയതായി വന്നവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.